Skip to main content

പാഠം ഒന്ന് നീന്തൽ: സമ്പൂർണ നീന്തൽ സാക്ഷരത നേടി മതിലകം പഞ്ചായത്ത്

ജില്ലയിൽ നീന്തൽ സാക്ഷരതാ യജ്ഞം നടപ്പാക്കി സമ്പൂർണ നീന്തൽ സാക്ഷരത കൈവരിച്ച പഞ്ചായത്തുകളുടെ കൂട്ടത്തിൽ ഇനി മതിലകം ഗ്രാമപഞ്ചായത്തും. പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലെയും വിദ്യാർഥികളെയും യജ്ഞത്തിൽ പങ്കെടുപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സമ്പൂർണ്ണ നീന്തൽ സാക്ഷരതാ പ്രഖ്യാപനം നവംബർ രണ്ടിന് വൈകീട്ട് 5 മണിക്ക് പഞ്ചായത്തിലെ പോളക്കുളം പരിസരത്ത് ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർവ്വഹിക്കും.
വിദ്യാർഥികളെ നീന്തൽ പരിശീലനത്തെ കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു വർഷം മുൻപ് പഞ്ചായത്ത് നീന്തൽ സാക്ഷരതാ യജ്ഞം ആരംഭിച്ച. ഏഴാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാത്ഥികൾക്കായിട്ടായിരുന്നു പരിശീലനം. ഇതിനായി പഞ്ചായത്തിലെ 80 സെന്റ് വരുന്ന പോളക്കുളം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്ററുടെ വികസനഫണ്ടിൽ നിന്ന് ലഭിച്ച 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. ഒരു ലക്ഷം രൂപ വിദ്യാർത്ഥികളുടെ നീന്തൽ പരിശീലനത്തിനായി വകയിരുത്തി. എന്നാൽ, പ്രതീക്ഷിച്ചതിലും അധികം വിദ്യാർത്ഥികൾ പരിശീലനത്തിനെതിയതിനാൽ പദ്ധതി പുതുക്കി ഒന്നര ലക്ഷം രൂപ വകയിരുത്തേണ്ടി വരുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ പറയുന്നത്. ആദ്യത്തിൽ 600 കുട്ടികൾ പരിശീലനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് അടുത്ത പഞ്ചായത്തുകളിൽ നിന്നും വിദ്യാർഥികൾ എത്തിയതോടെ രണ്ട് വർഷം കൊണ്ട് 1600 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് പരിശീലനത്തിന് മുന്നോട്ടു വന്നത്. പരിശീലനം കഴിയുന്ന മുറയ്ക്ക് ഒരു ഗ്ലാസ് പാലോ, മുട്ടയോ ഇവർക്ക് നല്കിപ്പോന്നു.
തൃശൂർ മഷിക്കുളം സ്വദേശിയായ കെ.എസ്. ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. മികച്ച പ്രകടനം കാഴ്ച വെച്ച തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് തുടർപരിശീലനവും നീന്തൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുള്ള അവസരവും പഞ്ചായത്ത് നൽകും.
 

date