Skip to main content

ഗവ. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാർഷികം:മുഖ്യമന്ത്രി ഇന്ന് (നവം. ഒന്ന്) ഉദ്ഘാടനം ചെയ്യും

ഗവൺമെന്റ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (നവംബർ ഒന്ന്) വൈകിട്ട് 4.30ന് നിർവഹിക്കും. സെക്രട്ടേറിയറ്റ് സൗത്ത് സാൻവിച്ച് ബ്‌ളോക്കിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി എ. കെ. ബാലൻ, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി. എസ്. ശിവകുമാർ എം. എൽ. എ, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ സംസാരിക്കും. മന്ത്രിമാർ, എം. എൽ. എമാർ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരിക്കും. 5.30മുതൽ കലാപരിപാടി അരങ്ങേറും.
നവംബർ ഒന്നു മുതൽ ഏഴു വരെ വിവിധ പരിപാടികൾ സെക്രട്ടേറിയറ്റിൽ സംഘടിപ്പിക്കും. പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ചരിത്രം ഉൾക്കൊള്ളുന്ന പുരാരേഖകളുടെ പ്രദർശനം നടക്കും. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗത്ത് സാൻവിച്ച് ബ്‌ളോക്കിലെ പാർക്കിംഗ് സ്ഥലത്ത് ചരിത്ര പ്രദർശനം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന്റെ ചരിത്രം വെളിവാക്കുന്ന അര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി വൈകിട്ട് അഞ്ച് മുതൽ ദർബാർ ഹാളിൽ നടക്കും. കേരള ചരിത്രഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ദർബാർ ഹാളിൽ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികൾക്കായി നവംബർ മൂന്നിന് സെക്രട്ടേറിയറ്റിൽ ചിത്രരചന മത്‌സരം നടത്തും. നവംബർ ഒന്നു മുതൽ ഏഴു വരെ പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരവും പ്രദർശനവും കാണുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്.
പി.എൻ.എക്‌സ്.3888/19

date