Skip to main content

ലഹരിക്കെതിരെ 90 ദിന  ബോധവല്‍ക്കരണ യജ്ഞം

ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 1 മുതല്‍ 'നാളത്തെ കേരളം ലഹരി മുക്ത കേരളം' എന്ന പേരില്‍ 90 ദിന തീവ്ര ബോധവല്‍ക്കരണ യജ്ഞം സംഘടിപ്പിക്കും. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം. തങ്കച്ചന്‍ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചേര്‍ന്ന വിമുക്തി മിഷന്‍ യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.  പൊതു സമൂഹത്തില്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയിലുള്ള ലഹരി ഉപയോഗം കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍, കൗണ്‍സലിങ് തുടങ്ങിയവ നടത്തും.

    എക്സൈസ് വകുപ്പ് സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും വിമുക്തി യോഗത്തില്‍ അവലോകനം ചെയ്തു. കഴിഞ്ഞ മാസം വിവിധ ഇനത്തിലായി 568 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 66 അബ്കാരി കേസുകളും 44 എന്‍.ഡി.പി.എസ്. കേസുകളും 458 കോട്പ കേസുകളും ഇതില്‍ ഉള്‍പ്പെടും. 277 റെയിഡുകളും 18 സംയുക്ത റെയിഡുകളുമാണ് ഇക്കാലയളവില്‍ നടത്തിയത്. അബ്കാരി കേസുകളില്‍ 50, എന്‍.ഡി.പി.എസ് കേസുകളില്‍ 45 പ്രതികള്‍ ഉള്‍പ്പെട്ടു. 168 ലിറ്റര്‍ വിദേശ മദ്യം, 63 ലിറ്റര്‍ ചാരായം, 2116 ലിറ്റര്‍ വാഷ്, 240 കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍, 3.61 കിലോഗ്രാം കഞ്ചാവ്, 31 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 145 മയക്ക് മരുന്ന് ഗുളികകള്‍, 6 ഗ്രാം ഹാഷിഷ്, 2025 ഗ്രാം ചരസ്, 11,13,500 രൂപ കുഴല്‍പ്പണം എന്നിവ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. 18376 വാഹനങ്ങള്‍ പരിശോധിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം. അന്‍സാരി ബേഗു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date