ട്രൈബല്‍ വിഭാഗകാര്‍ക്ക് തൊഴില്‍മേള ഡിസംബര്‍ ഏഴിന് നിലമ്പൂരില്‍
ട്രൈബല്‍ കോളനികളിലെ തൊഴില്‍രഹിതരായവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതി
നായി ഡിസംബര്‍ ഏഴിന് നിലമ്പൂരില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രാവിലെ മുതല്‍ വൈകീട്ടുവരെയാണ് മേള സംഘടിപ്പിക്കുക. മേളയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും മേളയില്‍ വെച്ച് തന്നെ ജോലി നല്‍കും. ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ അന്വേഷിക്കുന്ന മുഴുവന്‍ യുവതീ യുവാക്കള്‍ക്കും മേളയില്‍ പങ്കെടുക്കാം.
പങ്കെടുക്കുന്നവര്‍ക്ക് സ്റ്റെപ്പന്‍ഡ്/ യാത്ര ബത്ത തുടങ്ങിയവ നല്‍കാനും യോഗം തീരുമാനിച്ചു. കുടുംബശ്രീ, ഐ.ടി.ഡി.പി, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. ഏകദേശം 500 ഓളം ട്രൈബല്‍ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തികൊണ്ടുള്ള തൊഴില്‍മേളയാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. നിലമ്പൂര്‍ പ്രദേശത്തെയും ജില്ലയിലെയും വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. ട്രൈബല്‍ വിഭാഗത്തിലെ വിദ്യാസമ്പന്നരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കി അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക എന്നതാണ് തൊഴില്‍ മേളയുടെ ലക്ഷ്യം.
കൂടാതെ എം.ജി.എന്‍.ആര്‍.ഇ.ജി.എയുടെ നേതൃത്വത്തില്‍ കോളനികളിലെ റോഡുകള്‍ നവീകരിക്കാനും യോഗം തീരുമാനിച്ചു. അമ്പുമല, ഉച്ചകുളം, തണ്ടകുളം, അപ്പന്‍കാവ്, മുണ്ടപ്പാടം തുടങ്ങിയ കോളനി റോഡുകളാണ് നവീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ട്രൈബല്‍ കോളനികളിലുള്ള അങ്കണവാടികളിലെ ജീവനക്കാരെ അതത് കോളനികളിലുള്ളവരെ തന്നെ നിയമിക്കാനും യോഗം തീരുമാനിച്ചു. മാഞ്ചേരി, പാട്ടക്കരിമ്പ്, അളയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയതായി ആരംഭിക്കുന്ന അങ്കണവാടികളില്‍ അവിടുത്തെ വിദ്യാസമ്പന്നരായ ട്രൈബല്‍സിനെ നിയമിക്കും. ആറ് ജീവനക്കാരെയാണ് ടീച്ചര്‍, ഹെല്‍പ്പറടക്കം മൂന്ന് അങ്കണവാടിയിലും നിയമിക്കുക.
യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് രീഷ്മ രമേശന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണ്‍, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ കെ.രാജേഷ്, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന,ഐ.റ്റി.ഡി.പി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി.ശ്രീകുമാരന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, എം.ജി.എന്‍.ആര്‍.ഇ.ജി.എ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍ തുടങ്ങി വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments