കുറ്റിപ്പുറം ടെക്നിക്കല്‍ സ്‌കൂളിന് പുതിയ കെട്ടിടം: മൂന്ന് കോടി രൂപ അനുവദിച്ചു
കുറ്റിപ്പുറം ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിന് പുതിയ കെട്ടിട നിര്‍മ്മാണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചതായി പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു. ജി.ഒ (ആര്‍.ടി)നം. 1945/ 2019 എച്ച്.ഇ.ഡി.എന്‍ ഉത്തരവ് പ്രകാരമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പി.ടി.എ , വെല്‍ഫെയര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കി നല്‍കിയ പ്ലാനും എസ്റ്റിമേറ്റും അടക്കം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മുഖേന സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച മൂന്നു കോടി രൂപയുടെ പ്രൊപ്പോസല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗത്തില്‍ ടെന്‍ഡര്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
- Log in to post comments