Skip to main content

ശബരിമല തീര്‍ത്ഥാടനം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ നടത്തിവരുന്ന മുന്നൊരുക്കങ്ങളുടെ പുരോഗതി ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു.

തീര്‍ത്ഥാടകര്‍ക്ക് കുറ്റമറ്റ സൗകര്യങ്ങള്‍ ഒരുക്കണമെന്നും തീര്‍ത്ഥാടകര്‍ എത്തുന്ന എല്ലാ കേന്ദ്രങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിന് വകുപ്പുകളും ഏജന്‍സികളും ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.  

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയില്‍ ഏഴ് സെക്ടറുകളില്‍ ഡിവൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ പോലീസ് സേനയെ വിന്യസിക്കുന്നതിനും ഇടത്താവളങ്ങളില്‍ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതിനും ക്രമീകരണം
ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, കാഞ്ഞിരപ്പള്ളി, പാമ്പാടി താലൂക്ക് ആശുപത്രികള്‍, എരുമേലി സി.എച്ച്.സി എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.  മുണ്ടക്കയം സി.എച്ച്സിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും.

കോട്ടയം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യശേഖരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കുന്നതിന് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൗകര്യം ഒരുക്കും. ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള സൗകര്യം മെച്ചപ്പെടുത്തും.

ജില്ലയിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. കച്ചവട സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള വിലനിലവാര നിരക്ക് തയ്യാറാക്കിയിട്ടുണ്ട്. എരുമേലിയില്‍ ശുദ്ധജല വിതരണത്തിന് ജല അതോറിറ്റി നടപടികള്‍ സ്വീകരിച്ചുവരുന്നു. കാനന പാതയിലെ യാത്ര സുഗമമാക്കുന്നതിന് വനം വകുപ്പിന്‍റെ
തയ്യാറെടുപ്പുകള്‍ 16നകം പൂര്‍ത്തിയാക്കും.

എരുമേലി പില്‍ഗ്രിം സെന്‍ററില്‍ ഡിടിപിസിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ലബോറട്ടറിയും ക്യാമ്പ് ഓഫീസും തുറക്കുന്നതിനുളള നടപടികളും എരുമേലിയില്‍ പുരോഗമിക്കുകയാണ്. ശുചിത്വ മിഷന്‍, എരുമേലി ജമാഅത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ശുചിത്വവും  ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

യാത്രാമധ്യേ തീര്‍ത്ഥാടകര്‍ കുളിക്കാനിറങ്ങുന്ന നദികളിലും കടവുകളിലും അപകട മേഖലകള്‍ കണ്ടെത്തി ആവശ്യമായ വെളിച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അപായ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആഴമേറിയ സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ ഇറങ്ങാതിരിക്കുന്നതിന് കയര്‍ കെട്ടി തിരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍, എ.ഡി.എം ടി. കെ  വിനീത്, ആ.ഡി.ഒ അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി കളക്ടര്‍ അലക്സ് ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായി.  തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ്, ജമാ അത്ത്  പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാ  മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date