ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ കോട്ടയത്തിന് സമയബന്ധിത കര്‍മ്മ പദ്ധതി
മലിനീകരണ നിയന്ത്രണം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ് കോട്ടയം ജില്ലയില്‍ നടപ്പാക്കുന്നതിന് സമയബന്ധിത കര്‍മ്മ പദ്ധതി തയ്യാറായി. ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ശുചിത്വ കോട്ടയം ഹരിത കോട്ടയം എന്ന പേരിലുള്ള പദ്ധതി അവതരിപ്പിച്ചു. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും വകുപ്പ് മേധാവികളും പങ്കെടുത്ത യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അധ്യക്ഷനായി
നവംബര്‍ മാസത്തോടെ എല്ലാ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വൃത്തിയാക്കിയ അജൈവ മാലിന്യങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഹരിത കര്‍മ്മ സേന മുഖേന ശേഖരിക്കും. ഇവ തരം തിരിച്ച് താത്കാലികമായി സൂക്ഷിക്കുന്നതിന് എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്ത് കം മിനി മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററുകള്‍(എം.സി.എഫ്) ഒരുക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തിയോ എസ്.ബി.എം(ഗ്രാമീണ്‍) ഫണ്ടോ പ്ലാന്‍ ഫണ്ടോ ഉപയോഗിച്ച് രണ്ടു മാസത്തിനുള്ളില്‍ ഈ സംവിധാനത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഓരോ തരം അജൈവ വസ്തുക്കളും ശേഖരിക്കുന്ന ദിവസം വ്യക്തമാക്കുന്ന കലണ്ടര്‍ തദ്ദേശ സ്ഥാപനവും ഹരിത സഹായ സ്ഥാപനവും ചേര്‍ന്ന് തയ്യാറാക്കി ഹരിത കര്‍മ്മ സേന മുഖേന ഒരു മാസത്തിനുള്ളില്‍ എല്ലാ വീടുകളിലും എത്തിക്കും.
സ്കൂള്‍ അസംബ്ലികളില്‍ ഉറവിട മാലിന്യ ശേഖരണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും ബോധവത്കരണ പുരോഗതി മാസത്തില്‍ രണ്ടു തവണ ഹെഡ്മാസ്റ്റര്‍മാര്‍ തദ്ദേശ സ്ഥാപനത്തില്‍ സമര്‍പ്പിക്കുകയും ചെയ്യും.
ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സ്വീകരിക്കേണ്ട മറ്റു നടപടികള്‍ പൊതുസ്ഥലങ്ങളിലെ ശുചിത്വവും വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
അഞ്ചു സെന്‍റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് കമ്പോസ്റ്റ് സംവിധാനം ലഭ്യമാക്കണം.
അഞ്ചു സെന്‍റില്‍ അധികം ഭൂമിയുള്ളവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെയോ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങളുടെയോ ഭാഗമായി കമ്പോസ്റ്റ് പിറ്റുകള്‍ നിര്‍മിക്കണം.
ഉറവിട മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ സെക്രട്ടറിമാര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കണം.
എല്ലാ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശേഖരിക്കുന്നു എന്ന് ഹരിത സഹായ സ്ഥാപനം മുഖേന ഉറപ്പുവരുത്തണം.
പതിനായിരം ആളുകള്‍ക്ക് 1000 ചതുരശ്ര അടി എന്ന അനുപാതത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്‍റര്‍ നിര്‍ബന്ധമായും സജ്ജമാക്കണം.
കെട്ടിട നിര്‍മാണം, കെട്ടിടം പൊളിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് സ്ഥലം കണ്ടെത്തണം. ആവശ്യമെങ്കില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹായം തേടാം.
അന്‍പതു മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണം. ഇത് ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുകയും പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം.
പ്രതിദിനം 100 കിലോഗ്രാമില്‍ കൂടുതല്‍ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണം.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനീകരിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്‍റെ ഭാഗമായി ആവശ്യമെങ്കില്‍ സി.സി ടിവി നിരീക്ഷണം ഏര്‍പ്പെടുത്താവുന്നതാണ്.
മാലിന്യ ശേഖരണത്തിന് ഡിസംബറോടെ എല്ലാ വീടുകളില്‍നിന്നും യൂസര്‍ ഫീ ലഭിക്കുന്നതിന് ഹരിത സഹായ സ്ഥാപനത്തിന്‍റെയും ഹരിത സേനയുടെയും സഹകരണത്തോടെ നടപടി സ്വീകരിക്കണം. ആശ്രയ അഗതി വിഭാഗ ത്തില്‍ പെടുന്ന കുടുംബങ്ങള്‍ക്കായി ആവശ്യമെങ്കില്‍ യൂസര്‍ ഫീ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാം.
മാലിന്യ സംസ്കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ സ്പോട്ട് ഫൈന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാം
മാലിന്യ ശേഖരണം, സംസ്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഫ്രണ്ട് ഓഫീസ് സംവിധാനം ഉപയോഗിക്കണം. പരാതികള്‍ക്കായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുകയും മാസത്തില്‍ രണ്ടു തവണ കമ്മിറ്റി യോഗം ചേരുകയും വേണം.
നൂറു പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ മൂന്നു ദിവസം മുമ്പേ തദ്ദേശ സ്ഥാപനത്തില്‍ അറിയിക്കുകയും അവിടെയുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് കൃത്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായി ഉറപ്പുവരുത്തുകയും വേണം.
കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും വിദ്യാര്‍ഥികള്‍ മുഖേന വൃത്തിയാക്കിയ പ്ലാസ്റ്റിക് കുപ്പികള്‍, പാല്‍ കവറുകള്‍, പേപ്പറുകള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് ഒരു സ്കൂളില്‍ നാലു ബിന്നുകള്‍ വീതം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉടന്‍ സ്ഥാപിക്കണം. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സ്പോര്‍സര്‍ഷിപ്പിലൂടെ ബിന്നുകള്‍ സ്ഥാപിക്കാം.
ഈ കര്‍മ്മ പദ്ധതി അടുത്ത കമ്മിറ്റിയില്‍ അജണ്ടയായി വച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം.
- Log in to post comments