അജൈവ വസ്തുക്കളുടെ സംഭരണത്തിനും വിപണനത്തിനും സംവിധാനമുണ്ടാക്കും-ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
അജൈവ വസ്തുക്കള്‍ സംഭരിച്ച് വിപണനം നടത്തുന്നതിനായി ജില്ലയില്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ സംഭരണ കേന്ദ്രം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. ജില്ലയിലെ വിവിധ മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററുകളില്‍ ശേഖരിക്കുന്ന അജൈവ വസ്തുക്കള്‍ കേന്ദ്രീകൃതമായി സംഭരിക്കുന്നതിനുള്ള ഈ സംവിധാനം ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് സജ്ജമാക്കുക.
ശുചിത്വ കോട്ടയം ഹരിത കോട്ടയം പ്രവര്‍ത്തന പദ്ധതി ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിത ട്രൈബ്യൂണലിന്‍റ വിധി നടപ്പാക്കുന്നതിന് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തിയാല്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ ബഹുദൂരം മുന്നേറാന്‍ ജില്ലയ്ക്ക് സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
ശുചിത്വ കോട്ടയം ഹരിത കോട്ടയം കര്‍മ്മ പദ്ധതി സമയബന്ധിതമായി പൂര്‍ ത്തീകരിക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ വേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. ഹരിത കര്‍മ്മ സേനകള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍ണയിച്ച യൂസര്‍ ഫീസ് നല്‍കാന്‍ എല്ലാവരും സന്നദ്ധരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പേഴ്സണ്‍ ജെസിമോള്‍ മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് മാത്തച്ചന്‍ താമരശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.സി. കുര്യന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സണ്ണി പാമ്പാടി, പി. സുഗതന്‍, അഡ്വ. കെ.കെ. രഞ്ജിത്ത്, ബെറ്റി റോയ് മണിയങ്ങാട്ട്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments