Skip to main content

ആശയവിനിമയം സാധ്യമാക്കാത്ത വ്യവഹാര ഭാഷ മനുഷ്യാവകാശലംഘനം: സാറാജോസഫ്

 

സാധാരണ മനുഷ്യർക്ക് ആശയവിനിമയം അസാധ്യമാകും വിധം ഭാഷ വ്യവഹരിക്കപ്പെടുന്നത് മനുഷ്യാവകാശലംഘനമാണെന്നും തങ്ങൾ സംഭവിക്കുന്നതെന്തെന്ന് എന്ന് അറിയാനുളള അവസരമാണ് ഭരണഭാഷ മാതൃഭാഷെയാക്കുന്നതിലൂടെ സംഭവിക്കുന്നതെന്നും പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ സംഘടിപ്പിച്ച മലയാള ദിനവും മലയാള ഭാഷാ വാരാചാരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഭരണഭാഷ മലയാളമാവുന്നതോടെ മറ്റ് ഭാഷകൾ അറിയാത്ത സാധാരണക്കാരായ വലിയ ജനതയെ ഉൾക്കൊളളുകയാണ് ചെയ്യുന്നത്.
കോടതികളിലെ വ്യവഹാര ഭാഷയും ഡോക്ടർമാരുടെയും ഓഫീസുകളിലേയും ഭാഷയും മലയാളത്തിലാക്കണം. ഇതിലൂടെ മനുഷ്യാവകാശ ലംഘനം നേരിടാൻ സാധ്യതയുള്ള അത്തരം ഇടങ്ങളിൽ നാം വൻ തോതിലുള്ള ജനതയെ ഉൾക്കൊള്ളുകയാണ് ചെയ്യുന്നത്. ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഭാഷ. ഓരോ കാലഘട്ടത്തിലെയും ജീവിതവും സ്ത്രീപുരുഷബന്ധങ്ങൾ, ജാതി, ദരിദ്രർ, അടിമത്വം, വിവേചനം, കാർഷിക വൃത്തി എന്നിവയെല്ലാം പഠിക്കണമെങ്കിൽ അതത് കാലഘട്ടത്തിലെ ഭാഷ മനസ്സിലാക്കിയാൽ മതി. ജീവിതത്തിൽ നിന്ന് പിൻവലിയുന്നതെന്തും ഭാഷയിൽ നിന്ന് പിൻവലിയും. കേരളത്തിൽ ജാതിവ്യവസ്ഥ രൂക്ഷമായിരുന്ന സമയത്ത് ജാതിവിവേചനം നഗ്‌നമായി പ്രതിഫലിക്കുന്ന ഭാഷയാണ് ഉണ്ടായിരുന്നത്. അന്നത്തെ വാക്കുകളിൽ പലതും ഇന്ന് ആക്ഷേപഹാസ്യരൂപേണ മാത്രമാണ് പലരും ഉപയോഗിക്കുന്നത്. മലയാളിയുടെ മനസ്സിൽ നിന്ന് പൂർണമായും ജാതി വ്യവസ്ഥ ഉന്മൂലനം ചെയ്യാത്തതിനാലാണിത്. ജീവിതത്തിൽ നിന്ന് വസ്തുക്കളും വസ്തുതകളും മാത്രമല്ല ഭാഷയും മറ്റ് രീതികളും കൂടി വ്യവഹരിക്കപ്പെടുന്നുണ്ട്. അധിനിവേശ സംസ്‌കാരത്തിൽ മലയാള ഭാഷയുടെ തനിമയെ നിലനിർത്താൻ പ്രയാസം നേരിട്ടു. ഇന്നത്തെ കോർപ്പറേറ്റ് യുഗത്തിൽ സാങ്കേതിക ഭാഷയായ ഇംഗ്ലീഷിനൊപ്പം മലയാളഭാഷ കൂടി കൈകാര്യം കുട്ടികൾക്ക് വഴങ്ങാൻ സാധിക്കുന്ന തരത്തിൽ പാഠപുസ്തകങ്ങളെ മാറ്റണമെന്നും അവർ പറഞ്ഞു.
ഒരു ജനതയെ മനസിലാക്കണമെങ്കിൽ ആ ജനതയുടെ ഭാഷ പഠിച്ചാൽ മതി. ഭാഷയിൽ എന്തുണ്ടോ ? അത് നമ്മുടെ ജീവിതത്തിലുണ്ട്. ഭാഷയിൽ എന്തില്ല. അത് ജീവിതത്തിലുമില്ല. ജാതി വിവേചനപരമായി ഭാഷ ഉപയോഗിക്കുന്നത് ഒരു കാലത്തിന്റെ ശീലമായിരുന്നു. തൊഴിൽ, തൊഴിൽ പേര് ഉപയോഗിച്ച് ചീത്ത വിളിക്കുന്ന രീതി, സ്ത്രീപുരുഷ ബന്ധങ്ങളിലും ഇത് കാണാം. മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം സ്ത്രീക്ക് വിവേചനപരമാണോ എന്ന് ചിന്തിച്ചതിന്റെ ഫലമാണ് കേരളത്തിൽ ചെയർപേഴ്‌സൺ എന്ന പദമുണ്ടായത്. അധികാരസ്ഥാനത്ത് ആണിനേയും പെണ്ണിനേയും ഒരു പോലെ അഭിസംബോധന ചെയ്യാൻ കഴിയുന്ന പദം. ചരിത്രമെന്നത് അവന്റേത് മാത്രമല്ല അവളുടേയത് കൂടിയാണെന്ന് തിരിച്ചറിയുന്നത് ഭാഷയിലൂടെയാണ്. ഭാഷയെ നിലനിർത്തുന്നതിലൂടെ നാം നമ്മുടെ ജീവിതത്തെയാണ് നിലനിർത്തുന്നത്. ബാബേൽ ഗോപുരം കെട്ടാൻ തുടങ്ങിയ അഹകാരികളായ ജനതയെ ദൈവം നേരിട്ടത്. ഭാഷയെ ചിതറിച്ച് കൊണ്ടായിരുന്നുവെന്നത് ഐതിഹ്യം. ഭാഷ നശിച്ചാൽ ഇല്ലാതാകുന്നത് ഒരു ജനതയുടെ അവരുടെ ജീവിതവ്യവഹാരവുമാണ്.
ജില്ലാ കളക്ടർ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അഫ്‌സാന പർവീൻ എസ് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഡിഎം റെജി.പി. ജോസഫ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി പി സുലഭകുമാരി, ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി കെ എൻ ഹരി, തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീത എന്നിവർ ആശംസ നേർന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് സ്വാഗതവും അസി. എഡിറ്റർ പി പി വിനീഷ് നന്ദിയും പറഞ്ഞു.

date