മൃഗസംരക്ഷണം: എടവിലങ്ങ് മാതൃകാ പഞ്ചായത്ത്
മൃഗസംരക്ഷണ വകുപ്പിന്റെ മോഡൽ പഞ്ചായത്താകാൻ തയ്യാറെടുത്ത് എടവിലങ്ങ് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ പത്ത് രാവിലെ 8.30 ന് എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിർവ്വഹിക്കും. മൃഗസംരക്ഷണമേഖലയിലെ സജീവസാന്നിദ്ധ്യം ഉറപ്പാക്കാൻ പഞ്ചായത്തുകളുമായി സഹകരിച്ച് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് മോഡൽ പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഗോട്ട് ക്ലബും പൗൾട്രി ക്ലബും രൂപീകരിച്ചു നൽകും. ആടുകളെയും കോഴികളെയും ഈ ക്ലബ്കളിലൂടേ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും. കൈപ്പമംഗലം നിയോജക മണ്ഡലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എടവിലങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് എ. പി ആദർശ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എം.കെ. ഗിരിജ, എടവിലങ്ങ് വെറ്റിനറി സർജൻ പി.കെ. ശബ്‌ന, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
- Log in to post comments