Skip to main content

ജനനി സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു

 

വൈദ്യശാസ്ത്ര രംഗത്ത് അലോപ്പതി, ആയുര്‍വേദം, ഹോമിയോ ചികിത്സാരീതികള്‍  വേറിട്ടതും ഒന്നിനൊന്ന് മികച്ചതുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഗവ ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനി സ്‌നേഹസംഗമം-2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്ധ്യത നിവാരണത്തിന് ലളിതവും ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതും സമഗ്രവുമായ ഹോമിയോപ്പതി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ജനനി. ഈ പദ്ധതിയില്‍ ചുരുങ്ങിയ കാലയളവില്‍ ജില്ലയില്‍ 296 സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമാവുകയും 182 കുട്ടികള്‍ ജനിക്കുകയും ചെയ്തു. പാവങ്ങാട് കണ്ടംകുളങ്ങരയിലാണ് ജനനി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.

 

 ചിലവ് കുറഞ്ഞ ചികിത്സാ രീതികളും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ജനനി പദ്ധതി കുട്ടികള്‍ ജനിക്കാതെ മാനസികമായി തളര്‍ന്ന അനേകം ദമ്പതികള്‍ക്ക് ആശ്വാസമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.  പരസ്പരം ബഹുമാനത്തോടെയും സഹായസഹകരണത്തോടെയും മുന്നോട്ടു പോയി നാടിനും ജനങ്ങള്‍ക്കും തണലും ആശ്വാസവും പകരാന്‍ വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവു മുഖ്യാതിഥിയായിരുന്നു.

 

ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷന്‍  മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ കെ സജിത, സുജാത മനക്കല്‍, പി. കെ സജിത, പി ജി ജോര്‍ജ്ജ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഹാജറ കറ്റേടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ കെ ബാലന്‍, അഹമ്മദ് പുന്നക്കല്‍, വി ഡി ജോസഫ്, കെ രാജന്‍, എ ടി ശ്രീധരന്‍,  എച്ച് എം സി മെമ്പര്‍മാരായ ലക്ഷ്മണന്‍, വിജയന്‍ തോണിപുരക്കല്‍, ആര്‍ ബാലറാം, ടി ഹസ്സന്‍, എന്‍ ഭാസ്‌ക്കരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബു,  ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വി അബ്ദുസ്സലാം,  ഹോമിയോ ഡി എം ഒ ഡോ സി പ്രീത, ജനനി മെഡിക്കല്‍ ഓഫീസര്‍ ഡോ എം റീന, സീതാലയം കണ്‍വീനര്‍ ഡോ എസ് ബിന്ദു, ആയുഷ്മാന്‍ കണ്‍വീനര്‍ ഡോ എന്‍ ജയശീ,  നാഷണല്‍ ആയുഷ്മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ ആര്‍ ജയനാരായണന്‍,  നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോ ജി എസ് സുഗേഷ് കുമാര്‍, ഡി എം ഒ വയനാട് ഡോ കവിത പുരുഷോത്തമന്‍ ,തുടങ്ങിയവര്‍ പങ്കെടുത്തു. ജനനി ലോഗോ ഡിസൈന്‍ ചെയ്ത ആര്‍ട്ടിസ്റ്റ് മദനനെയും ജനനി പദ്ധതിയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരെയും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ജനനി കണ്‍വീനര്‍ ഡോ എസ് സുനില റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

വന്ധ്യതാ ചികിത്സാ രംഗത്ത്  മുന്നേറി ജനനി

 

 

കോഴിക്കോട് ടൗണ്‍ ഹാള്‍ ഉച്ചവരെ ഡെ കെയര്‍ സെന്റര്‍ പോലെയായിരുന്നു. കുട്ടികളുടെ കളിയും ചിരിയും ദേഷ്യയും വാശിയും നിറഞ്ഞ് ഹാള്‍ തിങ്ങി നിറഞ്ഞു. ഇവരോരുത്തരും ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ജനനി സ്‌നേഹസംഗമത്തില്‍ പങ്കെടുക്കാനെത്തിയതാണ്. എല്ലാവരുടെ മുഖത്തും  ആഹ്ലാദം കാണാമായിരുന്നു.

 

 കുഞ്ഞുമായെത്തിയ മാതാപിതാക്കള്‍ക്കും ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നേരില്‍  കണ്ടപ്പോള്‍ സന്തോഷം അടക്കി നിര്‍ത്താനായില്ല. ഇവരുടെ കൂടെ എത്രയോ നാള്‍ കാത്ത് നിന്ന് കിട്ടിയ കണ്മണിയെ കൂടി നേരില്‍ കണ്ടപ്പോള്‍ ആ സന്തോഷത്തിന് ഇരട്ടി മധുരം. ചികിത്സിച്ച ഡോക്ടര്‍മാരോട് കുഞ്ഞിന്റെ  വിശേഷങ്ങള്‍ പങ്ക് വെക്കുന്ന തിരക്കിലായിരുന്നു പലരും. 

 

എനിക്ക് സ്റ്റേജില്‍ കയറി പരിചയമില്ല, എന്നാലും എനിക്ക് പറയാതിരിക്കാനാവില്ല എന്ന മുഖവരയോടുകൂടിയാണ് ബാലുശ്ശേരി സ്വദേശിയായ സാജ് രാജ് വന്നത്. എന്റെ മോളുടെ ഫോട്ടോയാണ് സ്മിതഡോക്‌റുടെ വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ ചിത്രം.. ഇതിലും കൂടുതല്‍ സന്തോഷം എനിക്ക് ഉണ്ടാവാനില്ല എന്ന സാജ് രാജിന്റെ വാക്കുകള്‍ മാത്രം മതി ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാനെത്തുന്നവരോടുള്ള സമീപനത്തിന്റെ ആഴം മനസിലാക്കാന്‍. ഒമ്പത്  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാജ് രാജിനും ഭാര്യ രമ്യക്കും മോളുണ്ടായത്. ഒട്ടേറെ ചികിത്സകള്‍ മറ്റെല്ലാ ദമ്പതിമാരെ പോല ഇവരും ചെയ്തിരുന്നു. അങ്ങനെ സാമ്പത്തികമായി  തകര്‍ന്നവസ്ഥയിലാണ്  ജനനി പദ്ധതിയെ കുറിച്ചറിഞ്ഞത്. ഇവിടെയെത്തി ചികിത്സക്കു ശേഷം ആറുമാസത്തിനുള്ളില്‍ രമ്യ ഗര്‍ഭിണിയായി. 

 

മൂന്ന് വര്‍ഷത്തിലെറെ കുഞ്ഞിനായി കാത്തിരുന്ന പേരാമ്പ്ര സ്വദേശികളായ നീഷ്മ - വിഷ്ണു ദത്ത് ദമ്പതികള്‍ക്ക് ഓമനത്തമുള്ള ഇരട്ടക്കുട്ടികളാണ്-ആഗ്‌നയ് ദത്തും, അഗ്രജ് ദത്തും. ജനനിയില്‍ നിന്നും ആറു മാസത്തെ ചികിത്സയിലൂടെയാണ് ഇവര്‍ക്ക് ഈ മിടുക്കന്‍മാരെ ലഭിച്ചത്. 

ഇങ്ങനെ ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങള്‍ സ്‌നേഹസംഗമത്തില്‍ പങ്കുവച്ചു. 

 

 

date