Skip to main content

സമഗ്ര വളർച്ചയ്ക്ക് ഭാഷയെ ശാസ്ത്രമേഖലയിലേക്കും കൂട്ടിച്ചേർക്കണം: ഡോ.അദീല അബ്ദുള്ള

ആലപ്പുഴ:ഭാഷയുടെ വളർച്ചയ്ക്ക് ഭാഷയെ ചേർത്തുപിടിക്കണമെന്ന് ജില്ലാകളക്ടർ ഡോ.അദീല അബ്ദുള്ള.സാഹിത്യത്തിന് പുറമെ ശാസ്ത്രമേഖലയിലേക്കു കൂടി ഭാഷയെ കൂട്ടിച്ചേർക്കുമ്പോഴാണ് സമഗ്രമായ വളർച്ചയുണ്ടാവുക.സ്വന്തം ഭാഷകൊണ്ട് വിജയം കൈവരിച്ചവയാണ് ലോകത്തെ മികച്ച രാജ്യങ്ങളെന്നു കളക്ടർ ചൂണ്ടിക്കാട്ടി.കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാനസർക്കാരിൻറെ ആഭിമുഖ്യത്തിലുള്ള മലയാള ദിനാഘോഷത്തിന്റെയും  ഭരണഭാഷ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവർ.

കയ്യിലുള്ളത് നഷ്ടപ്പെടുമ്പോൾ മാത്രം വീണ്ടെടുക്കാൻ ശ്രമിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി  ഉള്ളത് കൈമോശം വരാതെ ശ്രദ്ധിക്കുന്ന സമീപനം സർക്കാരുകൾ ഭാഷയുടെ കാര്യത്തിൽ കൈക്കൊണ്ടു വരുന്നതിനാലാണ് പി എസ് സി പരീക്ഷകൾ പോലും മലയാളത്തിൽ എഴുതുന്നതിനുള്ള സാഹചര്യം സംജാതമായതെന്നും ഡോ.അദീല അബ്ദുള്ള പറഞ്ഞു.

ജില്ലയിലെ തലമുതിർന്ന സാംസ്‌കാരിക പ്രവർത്തകൻ ചുനക്കര ജനാർദ്ദനൻ നായരും എഴുത്തുകാരി കണിമോളും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു.മാതൃഭാഷയിൽ തന്നെ പഠനവും ഭരണവും പൂർണമായും സാധ്യമാകാൻ കൂടുതൽ കൂട്ടായ യത്‌നം വേണമെന്ന് ചുനക്കര ജനാർദ്ദനൻ നായർ അഭിപ്രായപ്പെട്ടു.പാഠ്യപദ്ധതിയിൽ മലയാളത്തെ ഇപ്പോഴും ഉപഭാഷയെന്നു വിളിക്കുന്നത് മാതൃഭാഷയെ താഴ്ത്തിക്കെട്ടുന്നതും വേദനാജനകവുമാണെന്ന് കണിമോൾ പറഞ്ഞു.

ഭാഷയ്ക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകൾ മാനിച്ച് നാടക-ചലച്ചിത്രകാരൻ സ്റ്റാൻലി ജോസ്,മിമിക്രി- ചലച്ചിത്രകാരൻ ആലപ്പി അഷ്റഫ്,അധ്യാപകനും ഗ്രന്ഥകാരനുമായ വി.രാധാകൃഷ്ണൻ എന്നിവരെ ജില്ലാകളക്ടർ ഡോ.അദീല അബ്ദുള്ള ആദരിച്ചു.ജില്ല ഇൻഫർമാറ്റിക്സ് ഓഫീസർ പി പർവ്വതീദേവി ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല,ആലപ്പുഴ നഗരസഭാംഗം എ എം നൗഫൽ,ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ,ഐ ആൻഡ് പി ആർ ഡി അസിസ്റ്റന്റ് എഡിറ്റർ കെ.എസ് സുമേഷ് എന്നിവർ പ്രസംഗിച്ചു.    

 

date