Skip to main content

ആദരവേറ്റുുവാങ്ങിയത് ജില്ലയുടെ അഭിമാനഭാജനങ്ങള്‍

ആലപ്പുഴ:ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷ ഭരണഭാഷ വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ വിവിധ മേഖലകളില്‍ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചു.ജില്ലയുടെ അഭിമാനഭാജനങ്ങളാണ് ആദരമേറ്റുവാങ്ങിയ സ്റ്റാന്‍ലി ജോസ്,ആലപ്പി അഷ്റഫ്,വി.രാധാകൃഷ്ണന്‍ എന്നിവര്‍.

നാടക-സിനിമാരംഗത്തെ ഗുരുസ്ഥാനീയ വ്യക്തിത്വമാണ് സ്റ്റാന്‍ലി ജോസ്.ആറു പതിറ്റാണ്ടു പിന്നിട്ട കലാസപര്യ. സംവിധായകനായും ചലച്ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകനായും സേവനനിരതനായി.ഭാര്യ കനകം സ്റ്റെല്ല തിരക്കഥയെഴുതിയ സിനിമയാണ് ഒടുവില്‍ അദ്ദേഹം സംവിധാനം ചെയ്തത്. അതും മൂന്നുവര്‍ഷം മുമ്പ് തന്‍റെ എണ്‍പത്തിയൊന്നാം വയസില്‍. പ്രായമേശാത്ത കര്‍മ്മചാതുരിക്ക് അംഗീകാരമായി സംസ്ഥാന സര്‍ക്കാരിന്‍റെ ഉള്‍പ്പെടെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

ചലച്ചിത്ര സംവിധായകന്‍,തിരക്കഥാകൃത്ത്,ഡബ്ബിങ് ആര്‍ട്ടിസ്റ്റ്,അഭിനേതാവ്,നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ മിക്കവാറും മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആലപ്പി അഷ്റഫ് നാലുപതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമാണ്. മലയാള സിനിമാലോകത്തെ മൂന്നു തലമുറയ്ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോഴും കര്‍മ്മനിരതന്‍. മിമിക്രിയിലൂടെ കലാലോകത്ത് പ്രവേശിച്ച ആലപ്പി അഷ്റഫ് ആ രംഗത്തെ നിരവധി കലാകാരന്മാര്‍ക്ക് പ്രചോദനം പകര്‍ന്നാണ് സിനിമ മേഖലയില്‍ വിജയഗാഥ രചിച്ചത്.

ചരിത്രം,വിജ്ഞാനം,ജീവചരിത്രം തുടങ്ങിയ മേഖലകളിലായി ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള വി.രാധാകൃഷ്ണന്‍ പറവൂര്‍ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ സാമൂഹിക ശാസ്ത്രം അധ്യാപകനായിരുന്നു.തൃശൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ അധ്യാപകനായി ആരംഭിച്ച 22വര്‍ഷത്തെ വിശിഷ്ട സേവനകാലത്ത് നിസ്തുല സംഭാവനകള്‍ നല്‍കി.

മൂവരെയും ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുള്ള പൊന്നാടയണിയിച്ചും ഫലകം നല്‍കിയുമാണ് ആദരിച്ചത്.ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി.

date