Skip to main content

സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തരുത്ത് പ്രഖ്യാപനം  നാളെ (4) കൊടുമണ്ണില്‍

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് എല്ലാ വാര്‍ഡുകളിലും അതിജീവനത്തിനായി ചെറു വനങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാനത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്തായി നാളെ (4) വൈകിട്ട് നാലിന് കൊടുമണ്‍ ഇടത്തിട്ട കാവുംപാട്ട് ആഡിറ്റോറിയത്തില്‍ വൈദ്യുത മന്ത്രി എം.എം മണി പ്രഖ്യാപിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് ആമുഖ പ്രഭാഷണവും ആന്റോ ആന്റണി എം.പി. മുഖ്യ പ്രഭാഷണവും നടത്തും. ഹരിതകേരളം മിഷന്‍ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. ടി. എന്‍. സീമ പച്ചത്തുരുത്ത് സന്ദേശവും തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പച്ചത്തുരുത്ത് ലഘുലേഖ പ്രകാശനം ചെയ്യും.  

പാരിസ്ഥിതിക പ്രത്യേകതകൊണ്ടും ജൈവവൈവിധ്യത്തിന്റെ അപൂര്‍വതകൊണ്ടും നിബിഡമായിരുന്ന കേരളത്തിലെ വനങ്ങള്‍ ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനും അവയെ തുലനപ്പെടുത്താനും വനങ്ങള്‍ ആവശ്യമാണ്. ഈ പ്രശ്നത്തെ നേരിടാനായി ഒരു പ്രതിരോധ മാതൃകയായാണ് ജൈവ വൈവിധ്യത്തിന്റെ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. നിലവിലുള്ള കാര്‍ഷിക ഭൂമിയുടെയോ വനഭൂമിയുടെയോ ഘടനയ്ക്ക് മാറ്റം വരുത്താതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സവിശേഷതകള്‍ക്കിണങ്ങുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി ചെറുവനങ്ങളായി രൂപപ്പെടുത്തുന്ന ഹരിതകേരളം മിഷന്റെ നവീന ആശയമാണ് പച്ചത്തുരുത്ത്. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് കൊടുമണ്‍ ഗ്രാമ പഞ്ചായത്തും ഹരിതകേരളം മിഷനും ചേര്‍ന്ന് എല്ലാ വാര്‍ഡിലും  പച്ചത്തുരുത്തുകള്‍ ഒരുക്കിയിരിക്കുകയാണ്.

18 വാര്‍ഡുകളിലായി 26 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചുകൊണ്ട് കൊടുമണ്‍ രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ്. ആര്യവേപ്പ്, അഗസ്ത്യച്ചീര, കണിക്കൊന്ന, ഉങ്ങ്, ഞാവല്‍, നെല്ലി, നീര്‍മരുത്, ദന്തപ്പാല, മാതളനാരകം തുടങ്ങി അനേകം വൃക്ഷത്തൈകള്‍കൊണ്ടു നിര്‍മിച്ചിരിക്കുന്ന ഈ ചെറുവനങ്ങള്‍ കാര്‍ബണ്‍ഡയോക്സൈഡ്  ആഗിരണം ചെയ്ത് ദീര്‍ഘകാലം സൂക്ഷിക്കുന്ന  കാര്‍ബണ്‍ കലവറയായി മാറും.   പച്ചത്തുരുത്തിനായി സ്ഥലം കണ്ടെത്തി പ്രകൃതിക്ക്  അനുയോജ്യമായ സസ്യങ്ങള്‍ കൃഷി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവിടെ നട്ടിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ആദ്യഘട്ടംമുതല്‍ 3-5 വര്‍ഷം വരെ സംരക്ഷിക്കുന്നു. ഒരോ തദ്ദേശഭരണസ്ഥാനപത്തിന്റെയും പരിധിയില്‍വരുന്ന ഏതു പ്രദേശത്തും പച്ചത്തുരുത്തുകള്‍ നിര്‍മിക്കാം. പുഴകള്‍, തോടുകള്‍, കായലുകള്‍, കുളങ്ങള്‍ തുടങ്ങി ജലസ്രോതസുകളുടെ കര കണ്ടല്‍ക്കാടുകള്‍ വളരാന്‍ പറ്റിയ പ്രദേശങ്ങള്‍, കുന്നിന്‍ചരിവുകള്‍, പാറപ്രദേശങ്ങള്‍ എന്നിവയെല്ലാം പച്ചത്തുരുത്തുകള്‍ക്ക് അനുയോജ്യമാണ്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമികള്‍, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം ചെറുവനങ്ങള്‍ സ്ഥാപിക്കുന്നതിനു പറ്റിയ സ്ഥലങ്ങളാണ്. 

അതിജീവനത്തിന്റെ ചെറു തുരുത്തുകളായ പച്ചത്തുരുത്തുകള്‍  51 എണ്ണം വിവിധ പഞ്ചായത്തുകളിലായി ജില്ലയില്‍ പൂര്‍ത്തിയായി. അവയെല്ലാം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പരിപാലിച്ചുകൊണ്ടിരിക്കുകയാണ്. 2020 ജൂണ്‍ 5 പരിസ്ഥിതി ദിനം എത്തുമ്പോള്‍ ജില്ലയില്‍ 100 പച്ചത്തുരുത്തുകള്‍ നിര്‍മിക്കും. കൂടാതെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ ഹൈസ്‌കൂളില്‍ കേരളത്തിനു മാതൃകയാവുന്ന നിലയിലുള്ള, കുട്ടികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കുമെല്ലാം കണ്ടുപഠിക്കാവുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു മാതൃകാ പച്ചത്തുരുത്തും തയ്യാറായിവരുകയാണെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പറഞ്ഞു.

date