Skip to main content

മംഗലം ഡാമിലെ ചെളി നീക്കൽ പദ്ധതിക്ക് അനുമതി

* 18 റിസർവോയറുകളിലും 6 റഗുലേറ്ററുകളിലും പദ്ധതി നടപ്പാക്കും
ജലസേചന വകുപ്പിന് കീഴിൽ പാലക്കാടുള്ള മംഗലം ഡാമിലെ ചെളി നീക്കൽ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി അനുമതി നൽകി. ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും കമ്മിറ്റി നിർദേശിച്ചു. 18 റിസർവോയറുകൾ വൃത്തിയാക്കി സംഭരണശേഷി വർധിപ്പിക്കുന്നതിനും ആറ് റഗുലേറ്റർ/തടയണകളിൽ അടിഞ്ഞുകൂടിയ മണൽ അടിയന്തരമായി നീക്കുന്നതിനും കമ്മിറ്റി യോഗം അനുമതി നൽകിയിട്ടുണ്ട്.
മംഗലം, ചുള്ളിയാർ ഡാമുകളിലെ ചെളി നീക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ കഴിഞ്ഞ മാർച്ച് 21 ന് ചേർന്ന എംപവേർഡ് കമ്മിറ്റി അംഗീകരിച്ചിരുന്നു. മംഗലം ഡാമിലെപ്രവൃത്തികൾക്കുള്ള ടെൻഡർ നടപടി പൂർത്തീകരിച്ചശേഷമേ ചുള്ളിയാർ ഡാമിന്റെ നടപടികൾ ആരംഭിക്കൂ. മംഗലം ഡാമിൽനിന്നും 2.96 എംസിഎം ചെളിയും എക്കലും നീക്കംചെയ്യേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഈ നടപടികൾ വിലയിരുത്താൻ ത്രിതല നിരീക്ഷണ സംവിധാനം ഉണ്ടാവും. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ എസ്പി, ഡിഎഫ്ഒ, ജോയിന്റ് ആർടിഒ, ജിയോളജിസ്റ്റ് എന്നിവർ അംഗങ്ങളും ശിരുവാണി സർക്കിളിലെ സൂപ്രണ്ടിംഗ് എൻജിനീയർ കൺവീനറുമായ ജില്ലാതല സമിതിക്ക് പുറമേ സംസ്ഥാനതലത്തിൽ എംപവേർഡ് കമ്മിറ്റിയും ടെക്നിക്കൽ കമ്മിറ്റിയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
18 റിസർവോയറുകളിലെ മണൽ, മണ്ണ്, എക്കൽ എന്നിവ നീക്കാനും അനുമതി ലഭിച്ചു. രണ്ട് ഘട്ടമായാവും ഈ റിസർവോയറുകൾ വൃത്തിയാക്കി സംഭരണശേഷി വർധിപ്പിക്കുക. നെയ്യാർ, കല്ലട, മണിയാർ, മലങ്കര, ഭൂതത്താൻകെട്ട്, വാഴാനി, പിച്ചീ റിസർവോയറുകളുടെ പ്രവൃത്തികൾ ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തു നടത്തും. ചിമ്മിനി, മീങ്കര, മൂലത്തറ, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ, പഴശി, കുറ്റ്യാടി റിസർവോയറുകളുടെ ശേഷി വർധിപ്പിക്കൽ രണ്ടാംഘട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പദ്ധതികൾക്കുള്ള വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിന് താത്പര്യപത്രം ക്ഷണിക്കാനും തീരുമാനമായി. നിശ്ചിത സമയപരിധിക്കുള്ളിൽതന്നെ വിശദപദ്ധതി രേഖ ലഭ്യമാക്കുകയും തുടർന്ന് അത് സാങ്കേതിക സമിതിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
ഇതോടൊപ്പം ആറ് റഗുലേറ്റർ/തടയണകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനമായി. പൂക്കോട്ടുമന ആർസിബി, ചെറുതുരുത്തി തടയണ, ചങ്ങനംകടവ് റെഗുലേറ്റർ, മഞ്ഞുമ്മൽ റെഗുലേറ്റർ, വെള്ളിയാങ്കൽ ആർസിബി, പുറപ്പള്ളിക്കാവ് റഗുലേറ്റർ എന്നിവിടങ്ങളിലെ പ്രവൃത്തികൾക്കാണ് ഇപ്പോൾ അനുമതി നൽകിയത്. 2018, 2019 പ്രളയങ്ങളെ തുടർന്ന് മണലിന്റെ വൻ നിക്ഷേപമാണ് ഇവിടങ്ങളിൽ അടിഞ്ഞുകൂടിയത്. മണൽ അടിഞ്ഞതുകാരണം സംഭരണശേഷിയിൽ കുറവുണ്ടായതാണ് കഴിഞ്ഞ പ്രളയകാലത്ത് വെള്ളിയാങ്കലിൽ പ്രതിസന്ധിയുണ്ടാക്കിയത്.
പി.എൻ.എക്‌സ്.3932/19

date