Skip to main content
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ആലോചനയോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ സംസാരിക്കുന്നു.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഃ ആര്‍ഡിഒ നോഡല്‍ ഓഫീസര്‍

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം സുരക്ഷിതമായി സംഘടിപ്പിക്കുന്നതിന് ആര്‍ഡിഒ അതുല്‍ സ്വാമിനാഥിനെ നോഡല്‍ ഓഫീസറായി നിയമിക്കാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ആലോചനയോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കലകടര്‍മാര്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരും പീരുമേട് തഹസീല്‍ദാര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാകും.
പുല്ലുമേട്, കോഴിക്കാനം, പാഞ്ചാലിമേട്, പരന്തുംപാറ, സത്രം എന്നിങ്ങനെ മേഖലകള്‍ തിരിച്ചായിരിക്കും ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കുന്നത്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ രണ്ടു സ്‌ക്വാഡുകള്‍ ഇക്കുറി ഭക്ഷണ സാധനങ്ങളുടെ ഗുണവും വിലയും വൃത്തിയും തൂക്കവും തിട്ടപ്പെടുത്തി ന്യായമായ നിരക്കിലാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തും.
പോലീസ്, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യവകുപ്പ്, ഗതാഗത വകുപ്പ്, വനംവകുപ്പ്, ഫയര്‍ ആന്റ് റസ്‌ക്യു, ശുചിത്വമിഷന്‍, ബിഎസ്എന്‍എല്‍, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകള്‍ക്കും കരുണാപുരം, പൊരുവന്താനം, ഏലപ്പാറ പഞ്ചായത്തുകള്‍ക്കും സുഗമവും സുരക്ഷിതവുമായ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടത്തിന് ഒരുക്കേണ്ട മുന്‍കരുതലെക്കുറിച്ച് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നവംബര്‍ അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ ജില്ലയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അറിയിച്ച് തീര്‍ത്ഥാടത്തിന് മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, എഡിഎം ആന്റണി സ്‌കറിയ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ഡി.എം.ഒ ഡോ.എന്‍ പ്രിയ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെഷീല, ആര്‍.ടി.ഒ റെജി പി വര്‍ഗീസ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റിയന്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വകുപ്പ് മേധാവികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date