Skip to main content
ഇടുക്കി കളക്ട്രേറ്റില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാവാരാഘോഷവും പ്രദീപ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

മലയാള ഭാഷയുടെ വളര്‍ച്ചക്ക് സിനിമയുടെ പങ്ക് വലുത്: പ്രദീപ് നായര്‍

മലയാള ഭാഷയുടെ പ്രചാരണത്തിന് മലയാള സിനിമ വലിയ പങ്കുവഹിക്കുന്നതായി സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രദീപ് നായര്‍. ഇടുക്കി കളക്ട്രേറ്റില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാവാരാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികളെ വരെ ആകര്‍ഷിക്കാനുള്ള ശക്തി ഭാഷയ്ക്കുണ്ടണ്‍്. സിനിമയിലൂടെ ഒരു പ്രദേശത്തിന്റെ ഭാഷയും സംസ്‌കാരവുമാണ് പ്രചാരണം ചെയ്യപ്പെടുന്നത്. മലയാളം പഠിക്കാന്‍ ശ്രമിക്കാത്ത പുതുതലമുറയും പഠിപ്പിക്കാന്‍ തയ്യാറാകാത്ത രക്ഷിതാക്കളടക്കമുള്ള സമൂഹവുമാണ് മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മലയാള ദിനാഘോഷം സംഘടിപ്പിച്ചത്.
യുവകവിയും പത്രപ്രവര്‍ത്തകനുമായ  സന്ദീപ് സലിം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മലയാള ഭാഷയുടെ രൂപപ്പെടലും ഇന്നു കാണുന്ന ഭാഷയിലേക്കുള്ള രൂപാന്തരവും മാതൃഭാഷയുടെ പ്രാധാന്യവും സംബന്ധിച്ച്
അദ്ദേഹം പ്രഭാഷണം നടത്തി. വായനയെ പരിപോഷിപ്പിച്ചാല്‍ മാത്രമെ നല്ല മലയാളം പ്രയോഗിക്കാനും എഴുതാനും കഴിയൂ. സര്‍ക്കാര്‍ രേഖകളില്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയാണ് ഉപയോഗിക്കേതെന്ന് സന്ദീപ് പറഞ്ഞു. കുട്ടികളെ വായനാ ശീലമുള്ളവരാക്കി മാറ്റിയാല്‍ മാത്രമെ ശരിയായ ഭാഷ അവര്‍ക്ക് ഭാവിയില്‍ ഉള്‍ക്കൊള്ളാനാകൂ. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍  എച്ച്. ദിനേശന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.  എഡിഎം ആന്റണി സ്‌കറിയ ഭാഷപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി ബിജു, തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തെ തുടര്‍ന്ന് കട്ടപ്പന ദേശത്തുടി ബാന്റിലെ ഐശ്വര്യ ഉത്തമനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി  ജീവനക്കാര്‍ക്കായി ഫോട്ടോ അടിക്കുറിപ്പ് മത്സരവും നടന്നു..  എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അധ്യക്ഷതയില്‍ സംഘടിപ്പിക്കുന്ന ഭരണഭാഷാ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു.
റവന്യൂ വകുപ്പ് ക്ലര്‍ക്ക് രാജ് മോന്‍ കേരള ഗാനം എഴുതി ആലപിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിന്റു സുഭാഷ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി, ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്, ബാംബു കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജെ. ജേക്കബ്, എംഡി അബ്ദുള്‍ റഷീദ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഗസ്റ്റിന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ.ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.
 

date