Skip to main content

ദേശീയോദ്ഗ്രഥനത്തിന് കലാരംഗം മഹത്തായ സംഭാവന നല്‍കി- ബാബു പറശ്ശേരി

 

 

 ദേശീയോദ്ഗ്രഥനത്തിന് കലാരംഗം മികച്ച സംഭാവനയാണ് നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ഒന്‍പതാമത് ജില്ലാ സാക്ഷരതാ മിഷന്‍ കോഴിക്കോട് തുടര്‍വിദ്യാഭ്യാസ കലോത്സവം പയ്യോളി ജി വി എച്ച് എസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയ്ക്ക് ജാതി മത വര്‍ഗ ലിംഗ വേര്‍തിരിവുകളില്ല, നമ്മുടെയെല്ലാം മനസുകളെ ഏകത്വത്തിലേക്ക് നയിക്കാന്‍ കലയ്ക്ക് കഴിയും. കലയുള്ളിടത്ത് കലാപങ്ങളില്ല, കലാകാരന് കലാപകാരിയാകാന്‍ കഴിയില്ല. സമൂഹത്തിലെ ജീര്‍ണതയ്‌ക്കെതിരെ മനസുണര്‍ത്താന്‍ കലയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ മനസുകളെ ഊഷ്മളമാക്കുന്ന കല പഠനത്തിന്റെ ഭാഗം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാ മിഷന്റെ ബഹുമുഖ തുടര്‍വിദ്യാഭ്യാസ പദ്ധതികളില്‍ ശ്രദ്ധേയമാണ് തുല്യത. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയവര്‍ക്കും വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സാക്ഷരത 4 ,7,10 ,പ്ലസ് ടു തുല്യത കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനത്തോടൊപ്പം ഇവരുടെ കലാപരമായ കഴിവുകളും പ്രകടിപ്പിക്കുന്നതിനായി വേദിയൊരുക്കുകയാണ് തുടര്‍വിദ്യാഭ്യാസ കലോത്സവം. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തിലെയും 7 നഗരസഭയിലേയും കോര്‍പറേഷനിലെയും സാക്ഷരത 4,  7 തുല്യത പഠിതാക്കളും 10 ,+2 തുല്യതാ പഠിതാക്കളും പ്രേരക്മാരുമാണ് മത്സരാര്‍ഥികള്‍. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി,  ജില്ലാ പഞ്ചായത്ത് സെക്രട്ടി ഇന്‍ ചാര്‍ജ് വി ബാബു, സാക്ഷരതാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ വി .രാധാകൃഷ്ണന്‍, ഹയര്‍ സെക്കന്ററി തുല്യത ജില്ലാ കോഴ്‌സ് കണ്‍വീനര്‍ ടി .പി ദാമോദരന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

മാവൂരില്‍ ഊരുണര്‍ത്തല്‍ സംഘടിപ്പിച്ചു 

 

 

 

 

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഊരുണര്‍ത്തല്‍ പരിപാടി പി ടി എ റഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതും  ജില്ലയില്‍ പ്രളയബാധിതരായി പുസ്തകങ്ങളും പഠനോപകരണങ്ങളും ഇല്ലാതെ മാസികമായി തകര്‍ന്നതുമായ കുട്ടികള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പങ്കെടുത്തു. പഠനോപകരണങ്ങളും മറ്റും ഉള്‍പ്പെടുന്ന കിറ്റിന്റെ വിതരണവും ബാലവകാശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് അധ്യക്ഷത വഹിച്ചു. എം.പി.എച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, ശ്രീല മേനോന്‍, സിസ്റ്റര്‍ ബിജി ജോസ്, ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡന്റ് വളപ്പില്‍ റസാക്ക്, സ്ഥിരം സമിതി അംഗം കെ ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് അംഗം സുബൈദ കണ്ണോറ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ എം അഹമ്മദ് റഷീദ്, മാവൂര്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഞ്ചു ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് : അഭിമുഖം 6,7 തീയതികളില്‍

 

 

 

 

കോഴിക്കോട്  ജില്ലയില്‍ പൊതു വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍.227/2016) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും കോടതി ഉത്തരവ് പ്രകാരം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുമുള്ള അഭിമുഖത്തിന്റെ മൂന്നാം ഘട്ടം ജില്ലാ ഓഫീസില്‍ നവംബര്‍ ആറ്, ഏഴ് തീയതികളില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.

 

 

 

 

 

കേരള മോട്ടോര്‍ തൊഴിലാളി ബോര്‍ഡ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു

 

 

 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവായി. മിനിമം പെന്‍ഷന്‍ സ്റ്റേജ് കാര്യേജ്, കോണ്‍ടാക്ട് കാര്യേജ് എന്നിവയ്ക്ക് നിലവിലുള്ള നിരക്ക് 1200 ല്‍ നിന്ന് 5000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഗുഡ്‌സ് വെഹക്കിള്‍ (ഹെവി, ലൈറ്റ്) ഇവ യഥാക്രമം 1200 ല്‍ നിന്ന് 3500 രൂപയായി വര്‍ദ്ധിപ്പിച്ചു. ടാക്‌സി ക്യാബ് 1200ല്‍ നിന്ന് 2500 ആയും ഓട്ടോറിക്ഷ 1200ല്‍ നിന്ന് 2000 ആയും ഉയര്‍ത്തി. മരണാനന്തരധനസഹായം, ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം എന്നിവ 50,000 രൂപയില്‍ നിന്ന് 1,00,000 ആയും ഉയര്‍ത്തി. അപകട മരണാനന്തര ധനസഹായം 1.5 ലക്ഷം രൂപയില്‍ നിന്ന് 2,00,000 ആയും വിവാഹധനസഹായം 20,000 രൂപയില്‍ നിന്ന് 40,000 രൂപയായും ഉയര്‍ത്തി. ഇതോടൊപ്പം ഉടമ-തൊഴിലാളി അംശദായം 20 ശതമാനമായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

 

 

 

 

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് 

 

 

 

 

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ലോകോത്തര ഗുണമേന്‍മ അംഗീകാരമായ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് രൂപം കൊണ്ടത് മുതല്‍ ഇതുവരെയുളള ആധികാരിക ഫയലുകളും രജിസ്റ്ററുകളും വിരല്‍ തുമ്പില്‍ എത്തിച്ച് ഞൊടിയിടകൊണ്ട് തീര്‍പ്പാക്കാന്‍ ഉളള സംവിധാനം ആണ് നേട്ടത്തിന് അര്‍ഹമാക്കിയത്. ഐ.എസ്.ഒ പ്രഖ്യാപനം കോഴിക്കോട് അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ നിബു ടി കുര്യന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ വത്സമ്മ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ കോ ഓര്‍ഡിനേറ്റര്‍ എന്‍.കെ സ്വപ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലക്കൂളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശന്‍ മാസ്റ്റര്‍, ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വത്സല, നന്‍മണ്ട പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു, കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സീന സുരേഷ്, ടി.കെ സുജാത, ബ്ലോക്ക് മെമ്പര്‍മാര്‍ വി.എം മുഹമ്മദ് മാസ്റ്റര്‍, പി ശോഭീന്ദ്രന്‍, ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഇ.പി രത്‌നാകരന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.വി സന്തോഷ്‌കുമാര്‍, ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ കെ.ജി ഗീത, സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രൂപ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ഒ.സതീശന്‍ സാക്ഷരതാ നോഡല്‍ പ്രേരക് കെ മോഹനന്‍ മാസ്റ്റര്‍, കെ.കെ ആനന്ദ്, പി.കെ രാജീവന്‍, പി റെജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം ഷാജി,  എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.പി ബിന്ദു,  ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിച്ചു സമയബന്ധിതമായി നടപ്പാക്കിയ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. 

 

 

 

 

ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

 

 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുകയും മികച്ച സേവനം ഉറപ്പു വരുത്തിയതിനുമാണ് ജനീവ ആസ്ഥാനമായ ഐ.എസ്.ഒ യുടെ അംഗീകാരം ബോര്‍ഡിന് ലഭിച്ചത്. 

 

 

 

 

ദിവസവേതന വ്യവസ്ഥയില്‍ ഡ്രൈവര്‍ 

 

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ ഡ്രൈവര്‍ (എച്ച്ഡിവി) തസ്തികയില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എച്ച്.ഡി.വി ലൈസന്‍സും എച്ച്ഡിവി വാഹനങ്ങള്‍ ഓടിച്ച് മിനിമം മൂന്ന് വര്‍ഷത്തെ പരിചയവുമുളള താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം. സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. മിനിമം വിദ്യാഭ്യാസ യോഗ്യത എഴാം ക്ലാസ്സ് വിജയം, മിനിമം വേതനം - നിലവിലുളള റൂള്‍പ്രകാരം. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

date