മാലിന്യ പരിപാലനത്തില്‍ പുതുതലമുറയെ പങ്കാളികളാക്കി ഹരിത ഗ്രാമസഭ
മാലിന്യ പരിപാലനത്തില്‍ പുതുതലമുറയെ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിത ഗ്രാമസഭ ചേര്‍ന്നു. മാലിന്യ പരിപാലനം, പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്, ക്ലീന്‍ പുതുപ്പരിയാരം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഗ്രാമസഭ രൂപീകരിച്ചത്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹരിതഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്.ദാസ് അധ്യക്ഷനായി. അമ്പതോളം വിദ്യാര്‍ഥികള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.
അക്കാദമിക നിലവാരത്തോടൊപ്പം പരിസര ശുചിത്വവും പ്രകൃതി പരിപാലനവും കുട്ടികള്‍ ശീലമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ,'മാലിന്യ പരിപാലനത്തില്‍,' സ്‌കൂളുകളിലും വീടുകളിലും വിദ്യാര്‍ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി കോഡിനേറ്റര്‍ ജ്യോതിയുടെ നേതൃത്വത്തില്‍ കുട്ടികളുമായി സംവാദം നടത്തി. സ്‌കൂളുകളില്‍ ചിത്രശലഭ പാര്‍ക്ക് വേണമെന്ന ആവശ്യം ഗ്രാമസഭ അംഗീകരിച്ചു. കൂടാതെ വൈകുന്നേരങ്ങളില്‍ വിവിധ കലാ പരിശീലനങ്ങള്‍ക്കായി സ്‌കൂളില്‍ ചിലവഴിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണം നല്‍കുന്ന വിഷയവും ഗ്രാമസഭ പരിഗണിച്ചിട്ടുണ്ട്. അതോടൊപ്പം സ്‌കൂളുകളില്‍ മാലിന്യശേഖരണം നടപ്പാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുമെന്നും മാലിന്യം വലിച്ചെറിയുകയില്ലെന്നും വിദ്യാര്‍ഥികള്‍ ഹരിത പ്രതിജ്ഞയെടുത്തു. ഗ്രാമസഭയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ ടി. ജയപ്രകാശ്, വൈസ് പ്രസിഡന്റ് കെ. ശോഭന, ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ പി.വി സഹദേവന്‍, വി. കെ. ജയപ്രകാശ്, എം. പി. ബാലഗോപാലന്‍ മാസ്റ്റര്‍, ശേഖരീപുരം മാധവന്‍, മനോജ് കൃഷ്ണമൂര്‍ത്തി, ബെന്നി ആന്റണി എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ , പൊതുപ്രവര്‍ത്തകര്‍, പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് നവാംബരം 2019 എന്ന പേരില്‍ കുട്ടികള്‍ക്കായി അഭിനയക്കളരി, ഭാഷാ സെമിനാര്‍, കവിതാലാപനം, തല്‍സമയ പ്രസംഗമത്സരം എന്നിവയും നടന്നു.
- Log in to post comments