Skip to main content

'ജീവിതമാണ് വലിച്ചെറിയരുത്' കുട്ടികളിലെ ആത്മഹത്യ പ്രവണതയ്‌ക്കെതിരെ അടിയന്തര നടപടികളുമായി ജില്ലാപഞ്ചായത്ത്

വിദ്യാര്‍ഥികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ പഞ്ചായത്ത് നിര്‍ദേശം. ജില്ലയില്‍ കൗമാരക്കാരുടെ ആത്മഹത്യാ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രാദേശിക തലത്തില്‍ തന്നെ പരിഹാരം കാണാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി നവംബര്‍ അഞ്ചിനകം മുഴുവന്‍ സ്‌കൂളിലും അതത് ക്ലാസ് അധ്യാപകന്‍, സ്‌കൂളുകളിലെ കൗണ്‍സിലര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനോടൊപ്പം അത് തരണം ചെയ്യുന്നതിനുള്ള ആത്മവിശ്വാസം നല്‍കുകയുമാണ് ലക്ഷ്യം. കുട്ടികള്‍ പങ്ക്‌വയ്ക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.  
രണ്ടാം ഘട്ടമായി നവംബര്‍ 10 നകം ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡണ്ട്, പ്രധാനാധ്യാപകര്‍, പിടിഎ പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ബന്ധപ്പെട്ട പിഎച്ച്‌സികളിലെ ഡോക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. നവംബറില്‍ നടത്താനിരിക്കുന്ന മദര്‍ പിടിഎ സംഗമങ്ങളിലും വിഷയം ചര്‍ച്ച ചെയ്യും. ഇത്തരത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 15 നും 20 നും ഇടയില്‍ പ്രധാനാധ്യാപകര്‍, കൗണ്‍സിലര്‍മാര്‍, പിടിഎ പ്രതിനിധികള്‍ എന്നിവരുടെ യോഗം ജില്ലാതലത്തില്‍ ചേരാനും തീരുമാനിച്ചു.
നിസ്സാര കാര്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നത് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പ്രശ്‌നങ്ങള്‍ എന്തായാലും അതിനെ അതിജീവിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും അവര്‍ക്കൊപ്പമുണ്ടാകുമെന്ന ധൈര്യം പകര്‍ന്നുനല്‍കാന്‍ സാധിക്കണം. കുറ്റപ്പെടുത്തലുകളല്ല ചേര്‍ത്തുനിര്‍ത്തലാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ വിദഗ്ധ കൗണ്‍സലിംഗും നിയമസഹായവും ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.  
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, പി ജാനകി, പി പി ഷാജിര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി പി നിര്‍മ്മലാദേവി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി സുലജ, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

date