Skip to main content

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 20 മുതല്‍ സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 20 മുതല്‍ 23 വരെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 15 സബ്ബ്ജില്ലകളില്‍ നിന്നായി പതിനായിരത്തോളം കുട്ടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. 294 ഇനങ്ങളില്‍ 14 വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍. മുനിസിപ്പല്‍ സ്‌കൂളാണ് പ്രധാന വേദി.
കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ശിക്ഷക് സദനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍മാനായുമുള്ള സമിതിയാണ് രൂപീകരിച്ചത്. ജനറല്‍ കണ്‍വീനറായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മലാ ദേവിയെ തെരഞ്ഞെടുത്തു. 11 ഉപസമിതികള്‍ക്കും യോഗം രൂപംനല്‍കി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മലാദേവി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ്, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ഒ മുരളീധരന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ്, അധ്യാപകര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date