ആര്‍ദ്രം മിഷന്‍ ജനകീയ ക്യാമ്പയിന്‍: തദ്ദേശസ്ഥാപന തലത്തില്‍ സമിതികള്‍
സമഗ്ര ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് ആര്‍ദ്രം മിഷന്‍ ജനകീയ ക്യാമ്പയിനായി തദ്ദേശസ്ഥാപന തലത്തിലേക്ക്. ആരോഗ്യ, ചികിത്സ പദ്ധതികള്‍ ജകീയ പങ്കാളിത്തത്തോടെ കൂടുതല്‍ ഫലപ്രദമാക്കുയെന്നതാണ് ലക്ഷ്യം. ഇതിനായി സംസ്ഥാന തലം മുതല്‍ തദ്ദേശസ്ഥാപന തലം വരെ കമ്മിറ്റികള്‍ രൂപീകരിക്കും. ആരോഗ്യ വകുപ്പിനൊപ്പം മറ്റ് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയായിരിക്കും ക്യാമ്പയിന്റെ പ്രവര്‍ത്തനം. വാര്‍ഡ് തലത്തില്‍ ആരോഗ്യ സേനകള്‍ക്കായിരിക്കും മിഷന്റെ ചുമതല.
ആരോഗ്യപരമായ ഭക്ഷണം, വ്യായാമം/ യോഗ, ഡി അഡിക്ഷന്‍, മാലിന്യ നിര്‍മ്മാര്‍ജനം, ആരോഗ്യ ജാഗ്രത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നവംബര്‍ മുതല്‍ ജനുവരി വരെ നീളുന്ന ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ക്യാമ്പയിന്റെ വിശദീകരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് വിഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. ഡി എം ഒ (ആരോഗ്യം) ഡോ കെ നാരായണ നായിക്, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ ഇ മോഹനന്‍, അസി. നോഡല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ് എന്നിവര്‍ സംസാരിച്ചു. ജനകീയ ക്യാമ്പയിന് നവംബര്‍ അഞ്ചിന് തുടക്കമാകും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ പുതിയ ഘട്ടം ഉദ്ഘാടനം ചെയ്യും.
- Log in to post comments