Skip to main content

ഫിറ്റ് കണ്ണൂര്‍' പദ്ധതിക്ക് നാളെ തുടക്കമാവും

കണ്ണൂര്‍ ജനതയുടെ കായികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിക്കുന്ന 'ഫിറ്റ് കണ്ണൂര്‍' പദ്ധതിക്ക് നാളെ (നവംബർ 5)  കലക്ടറേറ്റ് മൈതാനിയില്‍ തുടക്കമാവും. രാവിലെ 6.30 മുതല്‍ 7.30 വരെയാണ് ഉദ്ഘാടന പരിപാടി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്യും. കായിക താരങ്ങള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, ജീവനക്കാര്‍, മുതിര്‍ പൗരന്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍, വോക്കേഴ്സ് ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങി ആയിരത്തോളം പേര്‍ ഉദ്ഘാടന പരിപാടിയില്‍ അണിനിരക്കും. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന എയ്റോബിക്സും ഇതിന്റെ ഭാഗമായി ഒരുക്കും.

കായിക സംസ്‌ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുക, പ്രായഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും അനുയോജ്യമായ കായിക വ്യായാമത്തിന് അവസരമൊരുക്കുക എന്നിവയാണ് ഫിറ്റ് കണ്ണൂര്‍ പ്രോഗ്രാമിന്റെ ലക്ഷ്യം. ജില്ലാ സ്പോര്‍ട്സ് കൗൺസില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസില്‍, ജില്ലാ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തില്‍ കലക്ടറേറ്റ് മൈതാനിയിലും ടൗൺ സ്‌ക്വയറിലുമാണ് വ്യായാമത്തിന് സൗകര്യമൊരുക്കുക. നഗരത്തിലെയും സമീപ സ്ഥലങ്ങളിലെയും തല്‍പ്പരരായ ആളുകള്‍ക്ക് എല്ലാ ദിവസവും ഇവിടെ വ്യായാമം ചെയ്യാന്‍ സാധിക്കും. 

സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തില്‍ പദ്ധതി ക്രമേണ വ്യാപിപ്പിക്കും. മുഴുവന്‍ പഞ്ചായത്തിലും കുറഞ്ഞത് ഒരു ഗ്രൗണ്ടെങ്കിലും കണ്ടെത്തി വ്യായാമം ചെയ്യാനുള്ള സൗകര്യവും ഒരുക്കും.

date