Skip to main content
 ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ കര്‍ഷക സഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യുന്നു.

വന്യമൃഗ ശല്യം : അടിയന്തര നടപടിവേണം - ജില്ലാ കര്‍ഷക സഭ

വന്യമൃഗങ്ങളായ പന്നി, കുരങ്ങ് എന്നിവ കര്‍ഷകര്‍ക്കും വിവിധ കൃഷികള്‍ക്കും ചെയ്യുന്ന ദ്രോഹത്തിന് പരിഹാരം കാണുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ജില്ലാ കര്‍ഷക സഭ ആവശ്യപ്പെട്ടു. പത്തനംതിട്ട ആത്മയുടെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ കര്‍ഷക സഭയിലാണ് ഈ ആവശ്യമുയര്‍ന്നത്. ജില്ലയെ തരിശുരഹിതമാക്കുന്നതിനും തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഗുണനിലവാരമുള്ള വിത്തുകള്‍, നടീല്‍ വസ്തുക്കള്‍ ഇവ വിതരണം ചെയ്യുന്നതിനും ജില്ലാ മൊബൈല്‍ മണ്ണുപരിശോധനാ ലാബിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും കരിമ്പ കൃഷി, ജൈവ കൃഷി, കോലിഞ്ചി കൃഷി എന്നിവയുടെ പ്രോത്സാഹനത്തിനും തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് ജനപ്രതിനിധികളും കര്‍ഷക പ്രതിനിധികളും കര്‍ഷക സഭയില്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി കര്‍ഷക സഭ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, അംഗങ്ങളായ സാം ഈപ്പന്‍, റ്റി.മുരുകേഷ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീല പണിക്കര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ യു.കവിത, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ വിനോജ് മാമ്മന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ മുഹമ്മദ് സാലി, ജിജി ജോര്‍ജ്, വി.കെ.പുരുഷോത്തമന്‍പിള്ള, വാളകം ജോണ്‍, സത്യാനന്ദ പണിക്കര്‍, കലാനിലയം രാമചന്ദ്രന്‍, മടന്തമണ്‍ തോമസ്, ആത്മയുടെ ജില്ലാ കാര്‍ഷിക ഉപദേശക സമിതി അംഗങ്ങളായ വിവേക് തോമസ് മാത്യു, ഉത്തമപണിക്കര്‍, എസ്.ശ്രീകുമാര്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date