അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ ഒഴിവുള്ള 18 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതല്‍ (നവംബര്‍ 6) ഈ മാസം 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള സ്ഥലങ്ങള്‍ ചുവടെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റില്‍. മുറിഞ്ഞകല്‍ (കലഞ്ഞൂര്‍), വട്ടക്കാവ് (നാരങ്ങാനം), വാഴമുട്ടം കിഴക്ക് (വള്ളിക്കോട്), പുല്ലാട് (കോയിപ്രം), മുക്കന്നൂര്‍ (അയിരൂര്‍), കൊല്ലമുള (വെച്ചൂച്ചിറ), ചന്ദനപ്പള്ളി (കൊടുമണ്‍), അങ്ങാടിക്കല്‍ വടക്ക്, (കൊടുമണ്‍), ചാലപ്പറമ്പ് (കൊടുമണ്‍), ചിറ്റൂര്‍ മുക്ക്, (കോന്നി), പയ്യാനാമണ്‍ (കോന്നി), നെല്ലിമുകള്‍ (കടമ്പനാട്), കോട്ട (ആറന്മുള), വെട്ടൂര്‍ (മലയാലപ്പുഴ), തേക്കുതോട് (തണ്ണിത്തോട്), മാരിക്കല്‍ (ആനിക്കാട്), മുക്കൂര്‍ ജംഗ്ഷന് (കുന്നന്താനം), പൂവന്മല (റാന്നി അങ്ങാടി).
സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രീ-ഡിഗ്രി, തത്തുല്യ യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, കേരള സംസ്ഥാന ഐ.ടി മിഷന് എന്ന പേരില്‍ തിരുവന്തപുരത്ത് മാറാവുന്ന ദേശസാത്കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും 750 രുപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത ശേഷം http://aesreg.kemetric.com/ എന്ന വെബ് ലിങ്കില്‍ അപേക്ഷ നല്‍കണം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മേല്‍വിലാസം, നേറ്റിവിറ്റി, പ്രായം, തൊഴില്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഡി.ഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപ്ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റും, ഹാജരാക്കിയ രേഖകളുടെ അസ്സലും, പകര്‍പ്പും, ഡിഡിയും നവംബര്‍ 26ന് വൈകിട്ട് 4.30ന് മുമ്പ് പത്തനംതിട്ട ഹെലന് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു . വിശദ വിവരം www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലെ ജില്ലാ പ്രൊഫൈലിലും, 04682322708 എന്ന നമ്പരിലും ലഭിക്കും.
- Log in to post comments