പ്രളയ മേഖലയില്‍ ആശ്വാസവുമായി ബാലാവകാശ കമ്മീഷന്
ഭാവിയില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് അതിനുള്ള തടസങ്ങള്‍ നീക്കുകയാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയ്യുന്നതെന്ന് കണ്ണൂര്‍ ഡി ഐ ജി കെ സേതുരാമന് പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി കമ്മീഷന് സംഘടിപ്പിച്ച സംവാദവും പഠനോപകരണങ്ങളുടെ വിതരണവും കോളിക്കടവ് ഡോണ്‍ ബോസ്കോ എല്‍ പി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിയമപരമായ പരിഹാരം കാണുന്നതിന് പോലീസിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് നേരിട്ട് സമാശ്വാസം നല്‍കുക എന്ന സമീപനമാണ് ബാലാവകാശ കമ്മീഷന് സ്വീകരിച്ചിട്ടുള്ളതെന്ന് കമ്മീഷന് ചെയര്മാന് പി സുരേഷ് പറഞ്ഞു. ആറളം, ശ്രീകണഠാപുരം, ഇടുക്കിയിലെ മറയൂര്‍, ഇടമലക്കുടി തുടങ്ങിയ സ്ഥലങ്ങളിലെ ഊരുണര്‍ത്തല്‍ പരിപാടിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പി സുരേഷ്. 550 വിദ്യാര്‍ഥികള്‍ക്ക് കമ്മീഷന് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്, വൈസ് പ്രസിഡണ്ട് വി സാവിത്രി, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ പ്രേമരാജന്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ്, കമ്മീഷന് അംഗം എം പി ആന്റണി, ഇരിട്ടി എ ഇ ഒ വിജയലക്ഷ്മി പാലക്കുഴ, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എം പി അബ്ദുള്‍ റഹ്മാന്, അഡ്വ. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments