Skip to main content

സാമൂഹ്യപ്രതിരോധ ദിനാചരണം 15ന്; ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും

ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ ജډദിനമായ നവംബര്‍ 15ന് സംസ്ഥാനത്ത് സാമൂഹ്യ പ്രതിരോധ ദിനമായി ആചരിക്കും. കോട്ടയം ജില്ലാതല ഉദ്ഘാടനം രാവിലെ പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജസ്റ്റീസ് കെ.ടി. തോമസ് നിര്‍വഹിക്കും.

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ജയില്‍വാസം മുഖേനയല്ലാതെ മാറ്റമുണ്ടാക്കുന്നതിന് ലക്ഷ്യമിടുന്ന പ്രൊബേഷനും (നല്ലനടപ്പ്) സാമൂഹിക പ്രതിരോധവും സംബന്ധിച്ച ബോധവത്കരണം, സാമൂഹിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കുറ്റവാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ തുടങ്ങിയവ ഡിസംബര്‍ നാലു വരെ നടപ്പാക്കും.  
 

നിയമം, പോലീസ്, തദ്ദേശ സ്വയംഭരണം,  സാമൂഹ്യനീതി, വനിതാ ശിശു വികസനം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്, ജയില്‍ തുടങ്ങിയ വകുപ്പുകളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
 

ജയില്‍ വാസം കഴിഞ്ഞവര്‍ക്കും തടവുകാരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ പരിചയപ്പെടുത്തും.   വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമൂഹ്യപ്രതിരോധവും  ബോധവത്കരണവും വിവിധ മത്സരങ്ങളും നടത്തും.
 

കളക്ടറേറ്റില്‍ എ.ഡി.എം ടി.കെ. വിനീതിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. പത്മകുമാര്‍,  ജില്ലാ ജയില്‍ സൂപ്രണ്ട് ഡോ. പി. വിജയന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം. മോഹന്‍ദാസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരായ വി.ജെ. ബിനോയ്, ടി.ഡി. ജോര്‍ജുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.  

date