Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ വഴി കമ്പ്യൂട്ടര്‍ ബിരുദധാരികള്‍ക്ക് അവസരം

 

                കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ ഏഴിന് രാവിലെ 10.30 മണിയ്ക്ക് മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ടെക്‌നിക്കല്‍ ട്രെയിനിയുടെ 60 ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത : എം.സി.എ/ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, സ്റ്റാറ്റിറ്റിക്‌സ്, ബി.ടെക് ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.   

 

 

ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് : അഭിമുഖം 6,7 തീയതികളില്‍

 

 

കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍.227/2016) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും കോടതി ഉത്തരവ് പ്രകാരം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുമുള്ള അഭിമുഖത്തിന്റെ മൂന്നാം ഘട്ടം നവംബര്‍ ആറ്, ഏഴ് തീയതികളില്‍  കോഴിക്കോട്  ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.   വ്യക്തിഗത ഇന്റര്‍വ്യൂ  മെമ്മോ അയയ്ക്കുന്നതല്ല.

 

 

വാര്‍ഡ് അറ്റന്റര്‍ ഒഴിവ്

 

 

മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്  ആര്‍.എസ്. ബി.വൈക്ക് കീഴില്‍ വാര്‍ഡ് അറ്റന്റര്‍ ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണ് ഉള്ളത്. യോഗ്യത: എട്ടാം ക്ലാസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ (നവംബര്‍ 6)  രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. 

 

 

ജപ്പാനീസ് കമ്പനി : ഐ.ടി.ഐ കഴിഞ്ഞ പെണ്‍കുട്ടികളെ ആവശ്യമുണ്ട്

 

 

ഐ.ടി.ഐ കഴിഞ്ഞ പെണ്‍കുട്ടികളെ (മാസശമ്പളം - 12000/- രൂപ) ജപ്പാനീസ് കമ്പനിക്ക് ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ രക്ഷിതാവുമായി നവംബര്‍ ഏഴിന് ഗവ.ഐ.ടി.ഐ കോഴിക്കോട്, മാളിക്കടവില്‍ ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകുക. എസ്.സി/എസ്.ടി ട്രെയിനികള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും. അന്നേദിവസം ഐ.ടി.ഐ പ്ലേസ്‌മെന്റ് സെല്‍ രജിസ്‌ട്രേഷനും ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ - 0495 2377016. 

 

 

ഗതാഗതം നിരോധിച്ചു

 

 

നടുവണ്ണൂര്‍ - മന്ദങ്കാവ് - ഊരളളൂര്‍ - മുത്താമ്പി റോഡില്‍ പണി നടക്കുന്നതിനാല്‍ മുത്താമ്പി - ഊരളളൂര്‍ - മന്ദങ്കാവ് - നടുവണ്ണൂര്‍ റോഡ് വഴി പോകുന്ന വാഹനങ്ങള്‍ - അണേലക്കടവ് - കാവും പട്ടം - ഒറ്റക്കണ്ടം വഴി നടുവണ്ണൂരിലേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

 

 ടെണ്ടര്‍ ക്ഷണിച്ചു

 

 

കുന്നുമ്മല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ 2019-20 സാമ്പത്തിക വര്‍ഷത്തെ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനുളള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 ന് രണ്ട് മണി വരെ. ഫോണ്‍ 0496 2597584.

 

 

മാനാഞ്ചിറ വെളളിമാട്കുന്ന് റോഡിന്റെ പണി ഉടനെ പൂര്‍ത്തീകരിക്കണം

 

മാനാഞ്ചിറ --വെളളിമാട്കുന്ന് റോഡിന്റെ പണി വേഗം പൂര്‍ത്തിയാക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കണമെന്നും  വൈ.എം.സി.എ മുതല്‍ വെസ്റ്റ്ഹില്‍ വരെയുളള അനധികൃത യാത്ര നടത്തുന്നതും, പാര്‍ക്കിങ്ങ് ചെയ്യുന്നതുമായ വാഹനങ്ങള്‍ തടയണമെന്നും യോഗം ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ - മലാപ്പറമ്പ് റൂട്ടില്‍ ബസ് വേയും പാര്‍ക്കിങ്ങും ഏര്‍പ്പെടുത്തണം. നഗരത്തിലെ മലിനജലം ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് കോര്‍പ്പറേഷന്‍ അടിയന്തിര നടപടി സ്വീകരിക്കണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ കണക്കെടുത്ത് അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണം. നഗരത്തിലെ മൃഗാശുപത്രി മുതല്‍ പഴയ റവന്യൂ ഡിവിഷണല്‍ ഓഫീസ് വരെയുളള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ പി ശുഭന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ എന്‍.വി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സി. വീരാന്‍കുട്ടി, പി മുഹമ്മദ്, ഇയ്യക്കുന്നത്ത് നാരായണന്‍, സി അമര്‍നാഥ്, സി.പി ഉസ്മാന്‍ കോയ, സി.എന്‍ ശിവദാസന്‍ എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും സംസാരിച്ചു. 

 

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍  അഭിമുഖം 

 

 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍.231/2016) തസ്തികയുടെ തെരഞ്ഞെടുപ്പിന് 2019  ഏപ്രില്‍ 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ആദ്യഘട്ട അഭിമുഖം  നവംബര്‍ എട്ട്, 13,14,15 തീയതികളില്‍  കോഴിക്കോട്  ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.   വ്യക്തിഗത ഇന്റര്‍വ്യൂ  മെമ്മോ അയയ്ക്കുന്നതല്ല.

 

 

ചുമതലയേറ്റു

 

 

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. മോഹനന്‍ കുന്നുമ്മല്‍ ചുമതലയേറ്റു.

 

 

ദുരന്തനിവാരണപദ്ധതി: യോഗം ആറിന്

 

 

ജില്ലാ ദുരന്ത നിവാരണ പദ്ധതി 2020 മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിലേക്കായി നോഡല്‍ ഓഫീസര്‍മാരുടെ ഒരു അവലോകന യോഗം നവംബര്‍ 6 ന് 2മണിക്ക് ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടത്തും.

 

 

ഇ-ഗ്രാന്റ്സ് ആനുകൂല്യ വിതരണം;

പരാതി പരിഹാര അദാലത്ത്

 

 

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം (ഇ-ഗ്രാന്റ്സ്) ധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് നവംബര്‍ അഞ്ച് മുതല്‍ 15 വരെ കോഴിക്കോട് ജില്ലാതല പരാതി പരിഹാര അദാലത്ത് നടക്കും. പരാതി പരിഹരിക്കുന്നതിന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ ( ബാങ്ക് സ്റ്റേറ്റ്മെന്റ് കോപ്പി, ആധാര്‍ കാര്‍ഡ്) സഹിതം എത്തണം. ഫോണ്‍  :  04952370379, 2370657.

 

 

പാരലല്‍ കോളേജുകളിലെ പഠനം: പോസ്റ്റ്മെട്രിക്  വിദ്യാഭ്യാസാനുകൂല്യത്തിന്

അപേക്ഷ ക്ഷണിച്ചു

 

 

കോഴിക്കോട് ജില്ലയില്‍ പാരലല്‍ കോളേജുകളില്‍  ഈ അധ്യയന വര്‍ഷം പ്ലസ്ടു, ഡിഗ്രി കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  പോസ്റ്റ്മെട്രിക്  വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി. മുതലുള്ള പരീക്ഷാ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രൈവറ്റ് റജിസ്ട്രേഷന്‍ നടത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം പഠിക്കുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ബ്ലോക്ക്, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 30.

അപേക്ഷാ ഫോമില്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന കോഴ്സിന്റെ ഫീസ് സംബന്ധിച്ചുള്ള വിവരങ്ങളും പട്ടികജാതി വികസന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സമ്മതമാണെന്ന സ്ഥാപന മേധാവിയുടെ സത്യപ്രസ്താവനയും ഉള്‍ക്കൊള്ളിക്കണം. കഴിഞ്ഞ വര്‍ഷം ഈ വകുപ്പില്‍ നിന്ന് വിദ്യാഭ്യാസാനുകൂല്യം ലഭിച്ച് നിലവില്‍ രണ്ട്/മൂന്ന് വര്‍ഷ ക്ലാസില്‍ പഠിക്കുന്നവരും അപേക്ഷ നല്‍കണം. ഇവര്‍ കഴിഞ്ഞ വര്‍ഷം ആനുകൂല്യം ലഭിച്ച ഉത്തരവിന്റെ നമ്പറും തീയതിയും ക്രമനമ്പറും വ്യക്തമായി അപേക്ഷയില്‍ രേഖപ്പെടുത്തണം.

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ ക്ലാസില്‍ ചേരുവാന്‍ അപേക്ഷ നല്‍കിയിട്ടും പ്രവേശനം ലഭിക്കാത്തതുകാരണം പാരലല്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ  വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. അത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനത്തില്‍ അപേക്ഷിച്ചിട്ടും ഇന്‍ഡക്സ് മാര്‍ക്ക് കുറവായതിനാല്‍ പ്രവേശനം ലഭിച്ചിട്ടില്ലെന്ന പ്രിന്‍സിപ്പാളില്‍നിന്നുള്ള സാക്ഷ്യപത്രം കൂടി ഹാജരാക്കണം.  അപേക്ഷ നല്‍കിയ സ്ഥാപനങ്ങളുടെ പേര് നിര്‍ബന്ധമായും അപേക്ഷയില്‍ കാണിക്കണം. ഈ നിബന്ധന ഡിഗ്രി കോഴ്സിന് അപേക്ഷ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമല്ല. ഓഫ് കാമ്പസ് പ്രകാരവും, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ (കോണ്‍ടാക്ട് ക്ലാസ് സഹിതം) പ്രകാരവും രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പാരലല്‍ കോളേജ് ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ബ്ലോക്ക് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍:  0495 2370379, 2370657.

 

 

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

 

ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായവര്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ശ്രവണസഹായിക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്ത വടകര താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി നാളെ (നവംബര്‍ 6)  വടകര ടൗണ്‍ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വടകര താലൂക്ക് പരിധിയിലെ പഞ്ചായത്തുകളില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ അന്നേ ദിവസം രാവിലെ 10 മണി മുതല്‍ രണ്ട് മണിവരെ വടകര ടൗണ്‍ഹാളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2371911.

date