Skip to main content

പോസ്റ്റ്മെട്രിക്  വിദ്യാഭ്യാസാനുകൂല്യത്തിന്  അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ജില്ലയില്‍ പാരലല്‍ കോളേജുകളില്‍  ഈ അധ്യയന വര്‍ഷം പ്ലസ്ടു, ഡിഗ്രി കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  പോസ്റ്റ്മെട്രിക്  വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി. മുതലുള്ള പരീക്ഷാ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രൈവറ്റ് റജിസ്ട്രേഷന്‍ നടത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം പഠിക്കുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ബ്ലോക്ക്, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 30.

അപേക്ഷാ ഫോമില്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന കോഴ്സിന്റെ ഫീസ് സംബന്ധിച്ചുള്ള വിവരങ്ങളും പട്ടികജാതി വികസന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സമ്മതമാണെന്ന സ്ഥാപന മേധാവിയുടെ സത്യപ്രസ്താവനയും ഉള്‍ക്കൊള്ളിക്കണം. കഴിഞ്ഞ വര്‍ഷം ഈ വകുപ്പില്‍ നിന്ന് വിദ്യാഭ്യാസാനുകൂല്യം ലഭിച്ച് നിലവില്‍ രണ്ട്/മൂന്ന് വര്‍ഷ ക്ലാസില്‍ പഠിക്കുന്നവരും അപേക്ഷ നല്‍കണം. ഇവര്‍ കഴിഞ്ഞ വര്‍ഷം ആനുകൂല്യം ലഭിച്ച ഉത്തരവിന്റെ നമ്പറും തീയതിയും ക്രമനമ്പറും വ്യക്തമായി അപേക്ഷയില്‍ രേഖപ്പെടുത്തണം. 

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ ക്ലാസില്‍ ചേരുവാന്‍ അപേക്ഷ നല്‍കിയിട്ടും പ്രവേശനം ലഭിക്കാത്തതുകാരണം പാരലല്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ  വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. അത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനത്തില്‍ അപേക്ഷിച്ചിട്ടും ഇന്‍ഡക്സ് മാര്‍ക്ക് കുറവായതിനാല്‍ പ്രവേശനം ലഭിച്ചിട്ടില്ലെന്ന പ്രിന്‍സിപ്പാളില്‍നിന്നുള്ള സാക്ഷ്യപത്രം കൂടി ഹാജരാക്കണം.  അപേക്ഷ നല്‍കിയ സ്ഥാപനങ്ങളുടെ പേര് നിര്‍ബന്ധമായും അപേക്ഷയില്‍ കാണിക്കണം. ഈ നിബന്ധന ഡിഗ്രി കോഴ്സിന് അപേക്ഷ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമല്ല. ഓഫ് കാമ്പസ് പ്രകാരവും, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ (കോണ്‍ടാക്ട് ക്ലാസ് സഹിതം) പ്രകാരവും രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പാരലല്‍ കോളേജ് ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ബ്ലോക്ക് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍:  0495 2370379, 2370657.  

 

 

 

കാര്‍ഷിക യന്ത്രവത്ക്കരണ പദ്ധതി ; കാമ്പയിനും പ്രദര്‍ശനത്തിനും തുടക്കമായി

 

 

 

കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതി പ്രകാരം കര്‍ഷകര്‍ക്കുളള ഡി ബി റ്റി രജിസ്ട്രേഷന്‍ കാമ്പയിനും കാര്‍ഷികയന്ത്ര പ്രദര്‍ശനവും  വേങ്ങേരി കാര്‍ഷിക പരിശീലന കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ഡോളി. പി, ആത്മ ഡപ്യൂട്ടി ഡയറക്ടര്‍ ഒ. പ്രസന്നന്‍, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ടി അഹമ്മദ് കബീര്‍,  കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍ എം. സെയ്തലവി തുടങ്ങിയവര്‍ സംസാരിച്ചു.  

കാമ്പയിന്റെ ഭാഗമായി കൃഷി ഓഫീസര്‍മാര്‍ക്കുളള പരിശീലന പരിപാടി ഇന്നും തുടരും. രജിസ്ട്രേഷന് വരുന്ന കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഭൂനികുതി അടച്ച രശീതി, ബാങ്ക് പാസ്സ് ബുക്ക്, മൊബൈല്‍ നമ്പര്‍, കുടുംബാങ്ങളുടെ ആധാര്‍ കാര്‍ഡ് എന്നിവയുമായി വരണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിന് www.agrimachinery.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും ജില്ലയിലെ കൃഷിഭവനുകളിലോ, കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍ - 0495 2370368. 

    

 

 

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ധനസഹായ വിതരണം : മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വ്വഹിക്കും

 

 

കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഈ സാമ്പത്തിക വര്‍ഷം നല്‍കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (നവംബര്‍ 2) ഉച്ചക്ക് മൂന്ന്  മണിക്ക് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് കാര്യ മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വ്വഹിക്കും. തേഞ്ഞിപ്പലം കലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.അബ്ദുള്‍ ഹമീദ് എം എല്‍ എ അധ്യക്ഷത വഹിക്കും. കലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ് മുഖ്യ പ്രഭാഷണം നടത്തും. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിഥുന പി, തേഞ്ഞിപ്പലം ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട് സഫിയ തോട്ടത്തില്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.എ ബി മൊയ്തീന്‍ കുട്ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെ കെ ഹനീഫ, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് അംഗം സാബിറ കെ, തേഞ്ഞിപ്പലം പഞ്ചായത്തംഗം കെ ഷിജു, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം പി അബ്ദുള്‍ ഗഫൂര്‍, ഉമര്‍ ഫൈസി മുക്കം, ഹാജി പി കെ മുഹമ്മദ്, അഡ്വ.ഇസ്മാഈല്‍ വഫ, സിദ്ദീഖ് മൗലവി അയിലക്കാട്, പാങ്ങോട് എ കമറുദ്ദീന്‍ മൗലവി, പി സി സഫിയ ടീച്ചര്‍ പാലത്ത്, ഒ പി ഐ കോയ, ഒ ഒ ശംസു തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ 200 അംഗങ്ങള്‍ക്ക് വിവാഹ ധനസഹായവും 70 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡും 35 അംഗങ്ങള്‍ക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്യും.

 

 

ഇ-ഗ്രാന്റ്സ് ആനുകൂല്യ വിതരണം;

 പരാതി പരിഹാര അദാലത്ത് 

 

 

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം (ഇ-ഗ്രാന്റ്സ്) ധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് നവംബര്‍ അഞ്ച് മുതല്‍ 15 വരെ കോഴിക്കോട് ജില്ലാതല പരാതി പരിഹാര അദാലത്ത് നടക്കും. പരാതി പരിഹരിക്കുന്നതിന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ ( ബാങ്ക് സ്റ്റേറ്റ്മെന്റ് കോപ്പി, ആധാര്‍ കാര്‍ഡ്) സഹിതം എത്തണം. ഫോണ്‍  :  04952370379, 2370657.

 

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കണ്ണൂര്‍ ലേബര്‍ വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്  മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15 ന് വൈകീട്ട് 5.30.  കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https://eprocure.gov.in/cppp/ 

 

 

 

പ്രൊബേഷന്‍ അസിസ്റ്റന്റ് കൂടിക്കാഴ്ച

 

 

സാമൂഹ്യനീതി വകുപ്പിനു കീഴിലെ കോഴിക്കോട്  ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചക്ക്  ക്ഷണിച്ചു. യോഗ്യത : എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (കോഴിക്കോട് ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന) പ്രായപരിധി:  കൂടിക്കാഴ്ച തിയ്യതിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. കാലയളവ് : നിയമന തിയ്യതി മുതല് 6 മാസം. ഹോണറേറിയം : പ്രതിമാസം 20,000 രൂപയും യാത്രാചെലവും (പരമാവധി 1000 രൂപ).     

                                                          

താല്പ്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, ജനനതിയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാപ്രൊബേഷന്‍ ഓഫീസില്‍ (ബി ബ്ലോക്ക്, അഞ്ചാം നില) കൂടിക്കാഴ്ചക്കായി എത്തണം. ഫോണ്‍:  0495-2373575. 

 

 

പട്ടികജാതിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം 

 

 

കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുള്ള എസ്.സി വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും എസ്.സി യുവതി യുവാക്കള്‍ക്ക് സൗജന്യ മത്സര പരീക്ഷാ പരിശീലനവും നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി പാസ്സായ 18 നും 40 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടെ സിവില്‍ സ്റ്റേഷന് അടുത്തുള്ള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ എത്തി പ്രവേശനം നേടാം.  ഫോണ്‍ : 0495 2370026.

 

 

ഏകദിന ശില്‍പശാല

 

 

തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടുത്തി മണ്ണ് ജല സംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കയര്‍ ഭൂവസ്ത്രം വിനിയോഗിക്കുന്നതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് നടത്താവുന്ന പ്രവൃത്തികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായുള്ള ഏകദിന ശില്‍പശാല നവംബര്‍ നാലിന് ഹോട്ടല്‍ നളന്ദയില്‍ നടക്കും. ശില്‍പശാലയില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കയര്‍ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

date