ഭരണഭാഷാവാരം പ്രശ്‌നോത്തരി: പി എ പോളി, എം വി രതിമോൾ ജേതാക്കൾ
ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നടത്തിയ പ്രശ്‌നോത്തരി മത്സരത്തിൽ ജില്ലാ ദാരിദ്ര്യ ലഘൂകരണവിഭാഗത്തിലെ ഉദ്യോഗസ്ഥരായ പി എ പോളി, എം വി രതിമോൾ എന്നിവർ വിജയികളായി. പ്രശ്‌നോത്തരി മത്സരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാർ വകുപ്പുകളിലെ 23 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ ഒ കെ അനില, ലിജേഷ് കെ സി എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനത്തെത്തി. ദേശീയ സമ്പാദ്യ പദ്ധതി വിഭാഗത്തിലെ എം ഉണ്ണികൃഷ്ണൻ, ടി എ വിജി എന്നിവർ മൂന്നാം സ്ഥാനം നേടി. ഭരണഭാഷയേയും മലയാള സാഹിത്യത്തെയും ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ. നവംബർ ഒന്നു മുതൽ എഴ് വരെ ഭരണഭാഷാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മത്സരം നടത്തിയത്. കളക്ടറേറ്റ് ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിങ് പ്രശ്‌നോത്തരി നയിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി പി സുലഭകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ്, അസി. എഡിറ്റർ പി പി വിനീഷ്, അസി. ഇൻഫർമേഷൻ ഓഫീസർ ആർ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
- Log in to post comments