Skip to main content

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം പുതുപരീക്ഷണങ്ങളോടെ ശാസ്ത്രമേളയ്ക്ക് പടിയിറക്കം

കുന്നംകുളത്ത് സമാപിച്ച സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള പുതുപരീക്ഷണങ്ങൾ കൊണ്ടും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. 122 ഇനങ്ങളിലായി 5134 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 1718 ആൺകുട്ടികളും 2427 പെൺകുട്ടികളുമാണ് എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തിൽ പങ്കെടുത്തത്. എൽ പി, യു പി ഉൾപ്പെടെയുള്ള സ്‌പെഷൽ സ്‌കൂൾ സ്‌കൂൾ ശാസ്ത്രമേളയിൽ 989 കുട്ടികൾ പങ്കെടുത്തതിൽ 573 പെൺകുട്ടികളും 416 ആൺകുട്ടികളും പങ്കെടുത്തു.
സമകാലികവും ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നതുമായ ഒട്ടേറെ വിഷയങ്ങളുമായാണ് കുട്ടികൾ അണിനിരന്നത്. പ്രളയത്തെ അതിജീവിക്കാനുള്ള പോംവഴികൾ, പ്രകൃതി സംരക്ഷണത്തിനുള്ള ഉപാധികൾ, കൃഷിയെ പരിപാലിക്കുന്ന ശാസ്ത്രീയ രീതികൾ, ഐ ടി രംഗത്തെ പുത്തൻ സാധ്യതകൾ, ഗണിത ശാസ്ത്രത്തിലെ പുതുമകൾ എന്നിവയെല്ലാം ശാസ്ത്രമേളയിൽ ഏറെ ശ്രദ്ധേയമായി.
ഭിന്നശേഷിയുള്ള കുട്ടികളുടെയും ബധിരരായ കുട്ടികളുടെയും ശാസ്ത്ര വൈഭവങ്ങൾ പ്രവൃത്തി പരിചയമേളയിൽ ഏറെ ചർച്ചയായി. ശാസ്ത്രമേളയിൽ സയൻസ് വിഷയത്തിൽ 18 ഇനങ്ങളും ഗണിത ശാസ്ത്രത്തിൽ ഒൻപത് ഇനങ്ങളും സാമൂഹ്യ ശാസ്ത്രത്തിൽ 15 ഇനങ്ങളും ഐടി യിൽ 12 ഇനങ്ങളിലുമാണ് മത്സരങ്ങൾ നടന്നത്. പ്രവൃത്തി പരിചയമേളയിൽ മാത്രം 68 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. ഓരോ മത്സരത്തിന്റെയും ഫലങ്ങൾ വന്നയുടനെ തന്നെ വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകാൻ സാധിച്ചു. സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഐ ടി, പ്രവൃത്തി പരിചയമേള എന്നിവയിൽ ഒന്നു മുതൽ മൂന്നു സ്ഥാനം വരെയുള്ള ജില്ലകൾ, സ്‌കൂളുകൾ എന്നിവയ്ക്ക് ഓവറോൾ ചാമ്പ്യൻ പട്ടവും സമ്മാനിച്ചു.

date