വേസ്റ്റ് മേനേജ്‌മെന്റിനെ യാന്ത്രികവത്ക്കരിച്ച് സ്മാർട്ട് ബിൻ
നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ച് നൂതന മാലിന്യ സംസ്‌കരണവുമായി സ്മാർട്ട് ബിൻ ഉപകരണം. വയനാട് ജില്ലയിലെ ജയശ്രീ എച്ച്.എസ്.എസ് കല്ലു വയൽ സ്‌കൂളിലെ സിദ്ധാർത്ഥ് ഉണ്ണിത്താനും നേഹ ഷൈജുവും ചേർന്നാണ് സ്മാർട്ട് വേസ്റ്റ് ബിൻ നിർമ്മിച്ചത്. പെരുമ്പിലാവ് ടി.എം.വി. സ്‌കൂളിൽ നടന്ന സംസ്ഥാന ശാസ്‌ത്രോത്സവം എച്ച്.എസ്സ്.എസ്സ് വർക്കിംഗ് മോഡൽ വിഭാഗത്തിലാണ് ഇത് അവതരിപ്പിച്ചത്.
നഗരങ്ങളെ ലക്ഷ്യമാക്കി രൂപീകരിച്ച സ്മാർട്ട് ബിൻ നഗരങ്ങളെ തീർത്തും മാലിന്യവിമുക്തമാക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ ചിലവ് ചുരുക്കി നിർമിക്കാവുന്ന, സാമൂഹ്യ ജീവിതത്തിൽ ഏറെ ഉപയോഗപ്രദമായി ഉപയോഗിക്കാവുന്ന ഒരു ഉപകരണമാണിതെന്ന് മത്സരാർത്ഥികൾ പറഞ്ഞു. വൈ ഫൈ മുഖേന വെബ്‌സൈറ്റ് സർവറിലൂടെ ആണ് വേസ്റ്റ് ബിൻ പ്രവർത്തിക്കുന്നത്.
മാലിന്യവുമായി സ്മാർട്ട് ബിന്നിന് അരികിലേക്ക് പ്രവേശിക്കുമ്പോൾ അർഡ്യൂനോ യുനോബോർഡ് എന്ന മൈക്രോ കൺട്രോളറിന്റെ സഹായത്താൽ സ്മാർട്ട് ബിനിലെ മാലിന്യത്തിന്റെ അളവ് മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന ഡിസ്‌പ്ലേ പാനലിൽ തെളിയുന്നു. തുടർന്ന് അൾട്രാസോണിക് സെൻസറിന്റെ പ്രവർത്തനത്തോടെ വേസ്റ്റ് ബിൻ തുറക്കുകയും നിക്ഷേപിക്കുന്ന മാലിന്യം ദ്രവ്യ, ഖര രൂപേന തരം തിരിക്കപ്പെടുകയും ചെയ്യുന്നു. അർഡ്യൂനോ യുനോ ബോർഡാണ് സ്മാർട്ട് ബിന്നിന്റെ പ്രവർത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്ന ഭാഗം.
മാലിന്യ നിർമാർജ്ജനത്തെ ചിലവു ചുരുക്കിക്കൊണ്ട് കൂടുതൽ എളുപ്പത്തിൽ സാധ്യമാക്കുകയെന്ന ആശയത്തിലൂടെയാണ് സ്മാർട്ട് ബിൻ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും കൂടുതൽ കാര്യക്ഷമമായി ഈ ഉപകരണം മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ടൗൺഷിപ്പ് മേഖലകളിലേക്ക് ഉപകാരപ്രദമാക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നും മത്സരാർത്ഥികൾ പറഞ്ഞു.
- Log in to post comments