അപകടമേ മാറി നിൽക്കൂ; പുത്തൻ ഹെൽമറ്റ് പരീക്ഷണത്തിന് എ ഗ്രേഡ്
ഇരുചക്ര വാഹനങ്ങൾ ഹെൽമെറ്റില്ലാതെ ഓടിച്ച് മരണപ്പെടുന്നവർ നാട്ടിൽ നിരവധിയാണ്. ഇത് വരാപ്പുഴ പുത്തൻ പള്ളി സെന്റ് ജോർജ് എച്ച് എസ് എസിലെ കുട്ടികൾക്ക് നേരനുഭവവുമാണ്. സ്‌കൂളിനടുത്തെ ഒരാൾ ഹെൽമറ്റില്ലാതെ വണ്ടിയോടിച്ച് മരിച്ചപ്പോൾ പിറ്റേന്ന് ലാബിൽ വച്ചാണ് പ്‌ളസ് ടു വിദ്യാർത്ഥികളായ അമൽ വർഗീസ്, ആന്റണി കെ പ്രിൻസ്, അജിത് പോൾ, അശ്വിൻ, അരുൺ ബാബു എന്നീ കുട്ടികളുടെ നേതൃത്വത്തിൽ സെൻസർ ഘടിപ്പിച്ച സ്മാർട്ട് ഹെൽമറ്റ് ഉപയോഗിച്ച് ഓടിക്കുന്ന ബൈക്കിന്റെ പ്രവർത്തനം രൂപപ്പെട്ടത്. ഇതിലൂടെ ബൈക്ക് അപകട മരണങ്ങൾ കുറയ്ക്കാനാവുമെന്നും ഇവർ കണ്ടെത്തി. സെൻസറുകൾ ഘടിപ്പിച്ച ഹെൽമറ്റുകൾ വാഹനത്തിന്റെ എൻജിനുമായും സ്പീഡോമീറ്ററുമായും ഒരുമിപ്പിക്കും. ഹെൽമറ്റിലെ പിൻ സ്ട്രാപ്പ് ഘടിപ്പിക്കുമ്പോൾ മാത്രമേ സെൻസറുകൾ പ്രവർത്തിക്കൂ എന്നതും കൗതുകകരമാണ്. ഈ സെൻസറുകൾ നൽകുന്ന സൂചനകൾ അനുസരിച്ചാണ് വാഹനം ഓണാകുന്നതും മുന്നോട്ടു പോകുന്നതും. മാത്രവുമല്ല ഹെൽമറ്റിലെ പിൻസ്ട്രാപ്പ് ഇട്ടില്ലെങ്കിൽ ബൈക്ക് അനങ്ങുകയുമില്ല. ഇങ്ങനെയുള്ള ഹെൽമറ്റും ബൈക്കും ആളുകളിൽ എത്തിയാൽ അപകട മരണങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും ഇവർ കരുതുന്നു. ഇനി ബൈക്ക് മോഷ്ടാക്കൾക്കും ഇത്തരം ബൈക്ക് മോഷ്ടിക്കാൻ സാധിക്കില്ല. ബൈക്കോ ഹെൽമറ്റോ മോഷ്ടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ബൈക്കുടമയ്ക്ക് വിവരം ലഭിക്കുന്ന സംവിധാനവും ഇവർ ഒരുക്കിയിട്ടുണ്ട്. ഇവരുടെ ഈ പരീക്ഷണം നിരവധി ശാസ്ത്രമേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം കഴിവുകൾ വികസിപ്പിക്കാൻ സർക്കാർ സഹായവും ഇവർ പ്രതീക്ഷിക്കുന്നു.
- Log in to post comments