Skip to main content

ശാസ്‌ത്രോത്സവ വേദികൾ ശുചീകരിച്ച് ഹരിത കർമ്മ സേന

നവംബർ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലായി കുന്നംകുളത്ത് നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിലെ വേദികൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് കുന്നംകുളം നഗരസഭ ഹരിത കർമ്മ സേന. കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് എച്ച്എസ്എസ്, ബഥനി കോൺവെന്റ് ജിഎച്ച്എസ്എസ്, ബഥനി സെന്റ് ജോൺസ് ഇഎം എച്ച്എസ്എസ് എന്നീ വേദികളിലാണ് കുന്നംകുളം നഗരസഭയുടെ ഹരിത കർമ്മ സേന ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ചത്. സേനയിലെ 15 അംഗങ്ങളാണ് മൂന്ന് ടീമുകളായി തിരിഞ്ഞ് ഈ സ്‌കൂളുകളിലെ മാലിന്യങ്ങൾ വേർതിരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെയായിരുന്നു ഈ വനിതകളുടെ പ്രവർത്തനം. പ്ലാസ്റ്റിക്ക് കവറുകൾ, കുപ്പികൾ ഉൾപ്പടെയുള്ളവ ശേഖരിച്ച് ചാക്കുകളിലാക്കി നീക്കം ചെയ്യുകയായിരുന്നു. നഗരസഭയുടെ കുറുക്കൻപാറയിലുള്ള സമത ഗ്രീൻ പാർക്ക് ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്കാണ് ഈ വേദികളിൽ നിന്നുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്തത്. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടാണ് ഈ പ്രാവശ്യത്തെ സ്‌കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ചത്. ഹരിത കർമ്മ സേനയ്‌ക്കൊപ്പം വിദ്യാർഥികളും, അധ്യാപകരും, തൊഴിലാളികളും ശുചീകരണ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്.

date