റസ്‌ക്യു മിഷന്‍ 2019 ന് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ദുരന്തനിവാരണ സേനയെ രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ഗ്രാമ പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തിയാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുക. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ റസ്‌ക്യു മിഷന്‍ 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണ പ്രവര്‍ത്തന മേഖലയില്‍ സ്ഥിരമായി ഇടപെടണമെന്നും അപ്രതീക്ഷിതമായി വരുന്ന എല്ലാ ദുരന്തങ്ങളെയും അതി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
12 ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഓരോ പഞ്ചായത്തുകളില്‍ നിന്നും 10 പേരടങ്ങുന്ന ടീമിനെ ഉള്‍പ്പെടുത്തിയാവും സേന രൂപീകരിക്കുക. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പകച്ചു നില്‍ക്കാതെ ശക്തമായ രീതിയില്‍ ഇടപെട്ട് മുന്നോട്ടു പോവാന്‍ കഴിയണം. അതിനായി പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരടങ്ങിയ ദുരന്ത നിവാരണ ടീം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേനക്കു പുറമെ ദുരന്ത ബാധിത പ്രദേശത്ത് അടിയന്തമായി എത്തിക്കേണ്ട ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ എന്നിങ്ങനെയുള്ള ജീവന്‍രക്ഷാ വസ്തുക്കള്‍ ലഭ്യമായ സ്ഥലങ്ങള്‍, ഇവ ശാസ്ത്രീയമായി ഉപയോഗിക്കാന്‍ അറിയുന്ന വ്യക്തികളുടെ വിവരങ്ങളും ഫോണ്‍ നമ്പറും തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയിട്ടുള്ള ഡയറക്ടറിയും തയ്യാറാക്കും. സേനയിലംഗങ്ങളാവുന്നവര്‍ക്ക് ജനുവരിയോടെ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ റസ്‌ക്യു മിഷന്‍ 2019 ന്റെ ഭാഗമായി ബറ്റാലിയനുകള്‍ രൂപീകരിക്കുമെന്ന് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍ പറഞ്ഞു. ബറ്റാലിയനെ സജ്ജമാക്കുന്നതിനായി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് സoഘടിപ്പിക്കും. ഒളവണ്ണ , കടലുണ്ടി ബറ്റാലിയന്‍ എന്നീ പേരുകളിലാണ് ദുരന്തനിവാരണ സേന അറിയപ്പെടുക. ജില്ലയില്‍ ഏറ്റവുമധികം പ്രളയം ബാധിച്ച സ്ഥലമാണ് ഒളവണ്ണ. ഒളവണ്ണ പഞ്ചായത്തില്‍ 13, 16 വാര്‍ഡുകളെയാണ് പ്രളയം കാര്യമായി ബാധിച്ചത്.
കാലാവസ്ഥ ജാഗ്രത, ബോധവല്‍ക്കരണ പ്രവര്‍ത്തനം, രക്ഷാപ്രവര്‍ത്തനം, ക്രമസമസമാധാനം, പുനരധിവാസം, ഗതാഗതം, ആരോഗ്യം, മാനസിക ആശ്വാസം, ദുരന്ത ആഘാത ലഘൂകരണ കേഡറ്റ്, മൃഗ സംരക്ഷണം എന്നിങ്ങനെ 10 കേഡറ്റ് ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഓരോ വാര്‍ഡില്‍ നിന്നും ചുരുങ്ങിയത് 10 പേര്‍ ഓരോ ഗ്രൂപ്പിലുമുണ്ടാവും. പ്രകൃതിക്ഷോഭങ്ങളെ തടയാന്‍ പറ്റില്ലെങ്കിലും മുന്‍കരുതലുകള്‍ ഒരുക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ മികവുറ്റ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു ദൗത്യവുമായി മുന്നോട്ടു പോവുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. യുവജന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുവജന സംഘടന നേതാക്കള്‍, മറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകള്‍ എന്നിവര്‍ വളണ്ടിയര്‍മാരാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യത്തിന്റെ ആദ്യ ഘട്ടമായി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് പഞ്ചായത്തിലുമുള്ള 10000 ത്തോളം വീടുകളില്‍ സര്‍വ്വെ പൂര്‍ത്തീകരിച്ചു. ഗുരുവായൂരപ്പന്‍ കോളേജിലെയും ഇരിങ്ങല്ലൂര്‍ പി കെ എം കോളേജിലെയും 400 എന്‍എസ്എസ് വളണ്ടിയര്‍മാരാണ് സര്‍വ്വെ നടത്തിയത്. വാര്‍ഡ് മെമ്പര്‍മാര്‍, എഡിഎസ്, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് സര്‍വ്വെ പൂര്‍ത്തികരിച്ചത്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ട്രോമ കെയര്‍ പ്രസിഡന്റ് സി എം പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാരി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എ പി ഹസീന, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി റംല, ദിനേശ്ബാബു, പി ജി വിനീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments