Skip to main content
വ്യായാമത്തിലൂടെ ആരോഗ്യം എന്ന മുദ്രാവാക്യവുമായി നടപ്പിലാക്കുന്ന ഫിറ്റ് കണ്ണൂര്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടം നിര്‍വഹിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്  പരിപാടിയിൽ പങ്കുചേർന്നപ്പോൾ

വ്യായാമത്തിലൂടെ ആരോഗ്യം: 'ഫിറ്റ് കണ്ണൂര്‍' പദ്ധതിക്ക് ഉജ്വല തുടക്കം

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആബാല വൃദ്ധം ജനങ്ങള്‍ സംഗീതത്തിന്റെ താളത്തിനനുസരിച്ച് ചുവടുകള്‍ വച്ചപ്പോള്‍ അത് പുതിയൊരു കായിക സംസ്‌ക്കാരത്തിന്റെ ആവേശപ്രഖ്യാപനമായി. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊപ്പം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉള്‍പ്പെടെയുള്ളപ്രമുഖരും പങ്കാളികളായി. കണ്ണൂര്‍ ജനതയുടെ കായികാരോഗ്യത്തിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന 'ഫിറ്റ് കണ്ണൂര്‍' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് യോഗയും എയ്‌റോബിക്‌സും റോപ് സ്‌കിപ്പിംഗും ഉള്‍പ്പെടെയുള്ള വ്യത്യസ്ത വ്യായാമമുറകളിലൂടെ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള ഉണര്‍ത്തുപാട്ടായി മാറുകയായിരുന്നു.വ്യായാമത്തിലൂടെ ആരോഗ്യം എന്ന മുദ്രാവാക്യവുമായി നടപ്പിലാക്കുന്ന ഫിറ്റ് കണ്ണൂര്‍ പരിപാടി ജില്ലയിലെ ഒരു സ്വപ്‌ന പദ്ധതിയായി മാറുമെന്ന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടം നിര്‍വഹിച്ച ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അഭിപ്രായപ്പെട്ടു. സമ്പന്നമായ കായിക പാരമ്പര്യമുള്ള നാടാണ് കണ്ണൂര്‍. പ്രശസ്തരായ നിരവധി കായിക താരങ്ങളെ ലോകത്തിന് സംഭാവന ചെയ്ത കണ്ണൂരിന് ഏറ്റവും അനുയോജ്യമാണ് ഈ പദ്ധതി. ജനങ്ങള്‍ക്കിടയില്‍ പുതിയൊരു കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ നഗര കേന്ദ്രങ്ങളിലും തുടര്‍ന്ന് നഗരസഭാ-പഞ്ചായത്ത് തലങ്ങളിലും സ്ഥിരം വ്യായാമ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമാകുന്ന വ്യായാമ രീതികളായിരിക്കും അവലംബിക്കുക. ഇത് കായികക്ഷമതയും അതുവഴി ആരോഗ്യവും കൈവരിക്കാന്‍ സഹായകമാവും. അതോടൊപ്പം പുതിയ കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനും സാധിക്കും. തനിച്ച് വ്യായാമത്തിലേര്‍പ്പെടുന്നതിന്റെ വിരസത മാറ്റാന്‍ ഇത്തരം വ്യായാമരീതികള്‍ സഹായകമാവും. കൂട്ടായി വ്യായാമത്തിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന സന്തോഷവും ആനന്ദവും ഇത് മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോവാന്‍ പ്രചോദനമാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പുതുതലമുറയില്‍ കായിക വിനോദങ്ങളോട് ആഭിമുഖ്യം വളര്‍ത്താന്‍ പദ്ധതി സഹായകമാവുമെന്ന് ചടങ്ങില്‍ സംസാരിച്ച  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കായിക താരം കെ എം ഗ്രീഷ്മ മുഖ്യാതിഥിയായി. അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, എഎസ്പി ഡി ശില്‍പ, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ഡി ടി പി സി സെക്രട്ടറി ജിതീഷ് ജോസ്, സ്‌പോര്‍ട്‌സ് ഡിവിഷന്‍ കോച്ച് പ്രമോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എയ്‌റോബിക്‌സ് പരിപാടിക്ക് മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ജിം പരിശീലക വി സന്ധ്യയും യോഗ പരിപാടിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗ ഇന്‍സ്ട്രക്ടര്‍ പി പി നിഷമയും നേതൃത്വം നല്‍കി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഫിറ്റ് കണ്ണൂര്‍ പരിപാടി ജില്ലയില്‍ നടപ്പിലാക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ പൊതുജനങ്ങള്‍ക്കു പുറമെ, സ്‌പോര്‍ട് ഡിവിഷന്‍ വിദ്യാര്‍ഥികള്‍, പൊലീസ്, വാക്കേഴ്‌സ് ക്ലബ്, റസിഡന്‍സ് അസോസിയേഷന്‍, ശ്രീചന്ദ് ഹോസ്പിറ്റല്‍ പ്രതിനിധികള്‍, നഴ്‌സിംഗ് കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

date