Skip to main content

പരീക്ഷകളില്‍ ക്രമക്കേടുകളില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കും: ജില്ലാ സാക്ഷരത സമിതി

തുല്യത പരീക്ഷകളില്‍ ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധന ശക്തമാക്കാന്‍ ജില്ലാ സാക്ഷരത സമിതിയുടെ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടന്ന ജില്ലാ സാക്ഷരത സമിതി യോഗത്തിലാണ് തീരുമാനം. പരീക്ഷകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകണം എല്ലാ പരീക്ഷകളും നടത്തേണ്ടതെന്നും കോപ്പിയടി പോലുള്ള തെറ്റായ പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ഇത്തരം പ്രവണതകള്‍ തടയുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലയുള്ളവരുടെയും പരീക്ഷാര്‍ഥികളുടെയും യോഗം വിളിക്കാനും തീരുമാനിച്ചു. ഇതിനായി ജില്ലാ തലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ പരീക്ഷ നടത്തുന്ന സ്‌കൂളുകളുടെയും സാക്ഷരതാ പ്രേരക്മാരുടെ നേതൃത്വത്തില്‍ പഠന കേന്ദ്രങ്ങളില്‍ പഠിതാക്കളുടെയും യോഗം ചേരും. പരീക്ഷകളില്‍ കോപ്പിയടിപോലുള്ള കാര്യങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടി കൈകൊള്ളുമെന്നും സമിതി വ്യക്തമാക്കി.
കുട്ടികളില്‍ ആത്മഹത്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. മുന്നോടിയായി പ്രേരക്മാരുടെയും സാക്ഷരതാ സമിതി അംഗങ്ങളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ യോഗം ചേരും. തുടര്‍ വിദ്യാഭ്യാസ പഠനസഹായ പദ്ധതിയുടെ ഭാഗമായി 10, പ്ലസ്ടു പഠിതാക്കള്‍ക്ക് നടപ്പാക്കുന്ന വഴിവിളക്ക് മോട്ടിവേഷന്‍ ക്ലാസ് 10 ബ്ലോക്കുകളില്‍ പൂര്‍ത്തിയാക്കി. 1980 പഠിതാക്കള്‍ പങ്കെടുത്തതായി സമിതി അറിയിച്ചു. പഠിതാക്കളില്‍ നിന്ന് പണം പരിച്ച് കലോത്സവം നടത്തുന്നത് ആശാസ്യകരമായ കാര്യമല്ലെന്നും സാക്ഷരത സമിതിയുമായി ആലോചിക്കാതെ ഒരു ഫണ്ട് പിരിവും പാടില്ലെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, സെക്രട്ടറി വി ചന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മല ദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റിയന്‍,  കുടുംബശ്രീ ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date