Skip to main content

സിറ്റി റോഡ് വികസനം: പദ്ധതി ബാധിതരുടെ യോഗം ചേര്‍ന്നു

കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായി പദ്ധതി ബാധിതരുടെ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. പൊടിക്കുണ്ട്- കൊറ്റാളി, തയ്യില്‍- തെഴുക്കിലെ പീടിക, കുഞ്ഞിപ്പള്ളി- പുല്ലൂപ്പി, എന്‍എച്ച് മന്ന ജംഗ്ഷന്‍- ചാല ജംഗ്ഷന്‍ റോഡുകളിലെ പദ്ധതി ബാധിതര്‍ക്കാണ് ഹിയറിംഗ് നടത്തിയത്.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ 738 കോടി രൂപ ചെലവഴിച്ച് 11 റോഡുകളാണ് വികസിപ്പിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് 337 കോടി രൂപയും റോഡ് വികസനത്തിന് 401 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ സ്ഥലമേറ്റെടുക്കല്‍ ആവശ്യമായിട്ടുള്ള എട്ട് റോഡുകളില്‍ നാല് റോഡുകളുടെ സാമൂഹ്യ ആഘാത പഠനമാണ് പുരോഗമിക്കുന്നത്.
സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക്‌സ് ആന്റ് എന്‍വയോണ്‍മെന്റ് സ്റ്റഡീസാണ് സാമൂഹ്യ ആഘാത പഠനത്തിന് നേതൃത്വം നല്‍കുന്നത്. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 450 ഓളം പേര്‍ പങ്കെടുത്തു. റോഡ് വികസനവുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും പദ്ധതി ബാധിതര്‍ യോഗത്തില്‍ ഉന്നയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച ശേഷം പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
എഡിഎം ഇ പി മേഴ്‌സി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) കെ കെ അനില്‍കുമാര്‍, സോഷ്യല്‍ ഇംപാക്ട് അസസ്‌മെന്റ് യൂണിറ്റ് ടീം ലീഡര്‍ ബിബിന്‍ തമ്പി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

date