Skip to main content

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഭൂമിയുടെ വിവരം 20 നകം സമര്‍പ്പിക്കണം

ജില്ലയിലെ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍  അവലോകനം ചെയ്യുന്നതിനായും മൂന്നാം ഘട്ടമായ ഭൂരഹിത ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണം എന്നത് പ്രവര്‍ത്തികമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുമായുമായി ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ  കൈവശമുളള ഭൂമികളുടെയും സ്ഥാപന പരിധിയില്‍ ലഭ്യമായ വിവിധ വകുപ്പുകളുടെ കെവശമുളള ഭൂമികളുടെയും വിശദാംശങ്ങള്‍  നവംബര്‍ 20-നകം ജില്ലാതല കര്‍മ്മസമിതി മുമ്പാകെ സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
     ജില്ലയിലെ ഒന്നും രണ്ടും ഘട്ട  പുരോഗതി യോഗം പരിശോധിച്ചു. ഒന്നാം ഘട്ടമായി പൂര്‍ത്തീകരിക്കാത്ത വീടുകളുടെ  പൂര്‍ത്തീകരണത്തില്‍  കണ്ടെത്തിയ 2654 വീടുകളില്‍ 2489 വീടുകള്‍ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. പൂര്‍ത്തീകരിക്കാനുളള 59  വീടുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും പ്രത്യേക താല്പര്യമെടുത്ത് പൂര്‍ത്തീകരിക്കുതിന് യോഗം നിര്‍ദ്ദേശിച്ചു. രണ്ടാം ഘട്ടമായ  ഭൂമിയുളള ഭവന  രഹിതരില്‍ അര്‍ഹരാണെന്ന് കണ്ടെത്തിയ 2489 പേരില്‍ 1836 പേര്‍ വീട് പൂര്‍ത്തികരിച്ചതായും ബാക്കിയുളളവര്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണെന്നും ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനെറ്റര്‍ റിപ്പോര്‍ട്ട്് ചെയ്തു. പി എം എ വൈ (അര്‍ബന്‍)-ല്‍ 2239 വീടുകളും ,പി.എം.എ.വൈ (റൂറല്‍)-ല്‍ 671 വീടുകളും പൂര്‍ത്തീകരിച്ചു.
     മൂന്നാം ഘട്ടമായ ഭൂരഹിത ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണം എന്നതില്‍ ജില്ലയില്‍ നാളിതുവരെയായി 3149 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തിയിട്ടുണ്ട്.  ഇവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുതിന്  തദ്ദേശ  ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.   തദ്ദേശ ഭരണ സ്ഥാപന തലത്തില്‍  സദ്ധ സംഘടനകള്‍, വ്യാപാരി-വ്യവസായി സംഘടനകള്‍, ലയണ്‍സ്, ജേസീസ്, റോട്ടറി, പ്രവാസികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യോഗം നവംബര്‍ 15 നകം വിളിച്ചു ചേര്‍ക്കുതിനും യോഗം നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടര്‍  ടി വി സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ ദിലീപ് വി. കെ., ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കെ. എന്‍ എന്നിവര്‍ പങ്കെടുത്തു.

date