Skip to main content

കുടുംബശ്രീ വനിതകള്‍ക്കായി 'സമ': പ്രത്യേക സാക്ഷരത തുടര്‍വിദ്യാഭ്യാസ പരിപാടി

ആലപ്പുഴ: ജില്ല സാക്ഷരത മിഷന്‍ കുടംബശ്രീ ജില്ല മിഷനുമായി സഹക രിച്ച്  1000 കുടുംബശ്രീ വനിതകള്‍ക്ക് 'സമ' എന്ന പേരില്‍ സാക്ഷരത തുടര്‍ വിദ്യാഭ്യാസ പരിപാടി നടത്തും. ജില്ല പഞ്ചായത്ത് 30 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. നവംബര്‍ 23ന് 'സമയുടെ'  ജില്ലാതല ഉദ്ഘാടനം ആലപ്പുഴയില്‍ നടത്തും. ഇതിന് മുന്നോടിയായി ബ്ലോക്കുതലങ്ങളില്‍ യോഗങ്ങള്‍ക്ക് ജില്ല സാക്ഷരത മിഷന്‍ നടപടി തുടങ്ങി.
വിദ്യാഭ്യാസത്തിന്റെ കുറവാണ് പല സ്ത്രീകള്‍ക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നതിന് തടസമെന്ന തിരിച്ചറിവാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ ജില്ല പഞ്ചായത്തിനെ പ്രേരപ്പിച്ചതെന്ന് ജില്ല സാക്ഷരത മിഷന്‍  ചെയര്‍മാനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ വ്യക്തമാക്കി. കുടുംബശ്രീ അംഗങ്ങളായ ആയിരം വനിതകളെ തിരഞ്ഞെടുത്ത് ആദ്യഘട്ടത്തില്‍ പത്താംതരം, ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസാക്കുക എന്നതാണ് 'സമ' വിഭാവന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല സാക്ഷരത സമതി, കുടുംബശ്രീ ജില്ല മിഷന്‍ എന്നിവ സംയുക്തമായി ആയിരം ഗുണഭോക്താക്കളെ കണ്ടെത്തും. പഠിതാക്കളുടെ സൗകര്യമനുസരിച്ച് അതത് പ്രദേശത്തെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലാകും അധ്യയനം. ആദ്യഘട്ടം 10 മാസത്തിനകം പൂര്‍ത്തിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തി സാക്ഷ്യപത്രം നല്‍കും.
ലിംഗ സമത്വം, ചൂഷണരഹിത സമൂഹം എന്നിവ ഉറപ്പാക്കുന്നതിലൂടെ പുറതള്ളപ്പെട്ടവരും ദരിദ്രരുമായ വനിതകളുടെ സമഗ്രവികസനമാണ് ഉറപ്പാക്കുക. പത്താംതരം തുല്യത കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 638 പഠിതാക്കള്‍ക്ക് രജിസ്ട്രേഷന്‍, കോഴ്സ്, പരീക്ഷ ഫീസ് എന്നീയിനങ്ങളിലായി 2350 രൂപ വീതം 14.99 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സില്‍ 476 പഠിതാക്കള്‍ക്ക് 3150 രൂപ വീതം 14.99 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി അവലോകനം ചെയ്യും. ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തന പുരോഗതിയനുസരിച്ച് വരും വര്‍ഷം ആവശ്യമെങ്കില്‍ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തും.

 

date