Skip to main content

അരങ്ങ് 2019: രണ്ടാംദിനം പൂര്‍ത്തിയാകുമ്പോള്‍ 55 പോയിന്റുമായി കാസര്‍ഗോഡ് ജില്ല മുന്നില്‍

 

 

കുടുംബശ്രീ സംസ്ഥാന കലോല്‍സവം അരങ്ങ് 2019 ന്റെ രണ്ടാംദിനം പൂര്‍ത്തിയായപ്പോള്‍ 17 ഇനങ്ങളുടെ ഫലങ്ങള്‍ പുറത്ത് വന്നതോടെ 55 പോയിന്റുമായി കാസര്‍ഗോഡ് ജില്ല മുന്നിട്ടു നില്‍ക്കുന്നു. 37 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 26 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. ആതിഥേയത്വം വഹിക്കുന്ന പാലക്കാട് ജില്ല 15 പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 19 സ്റ്റേജിനങ്ങളിലും ആറ് സ്റ്റേജിതര മത്സരങ്ങളിലുമായി രണ്ടായിരത്തിലധികം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കുടുംബശ്രീ പ്രതിനിധാനം ചെയ്യുന്ന 43 ലക്ഷം സ്ത്രീകളുടെ വളര്‍ച്ചയും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന സാംസ്‌ക്കാരിക മേളയായാണ് 'അരങ്ങ്' സംഘടിപ്പിച്ചിരിക്കുന്നത്. ഗവ. വിക്ടോറിയ കോളേജ് , ഗവ. മോയന്‍ എല്‍. പി. സ്‌കൂള്‍, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

പ്രായം പരിധിയല്ലെന്ന് തെളിയിച്ച് നാടോടിനൃത്ത വേദി

പ്രായം ഒന്നിനും പരിധിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ നാടോടിനൃത്ത വേദി. അരങ്ങ് 2019 ന്റെ രണ്ടാം ദിനത്തില്‍ വിക്ടോറിയ കോളേജിലെ പ്രധാനവേദിയായ കറുത്തമ്മയില്‍ അരങ്ങേറിയ നാടോടി നൃത്ത മത്സരം ശ്രദ്ധേയമായി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 30 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. പഴയകാല ഓര്‍മ്മകള്‍ ചേര്‍ത്തുപിടിച്ച് കൊയ്ത്തുപാട്ടുള്‍പ്പെടെയുള്ള ഗാനങ്ങള്‍ക്കാണ് മത്സരാര്‍ത്ഥികള്‍ ചുവട്‌വെച്ചത്. വേഷവും ഭാവവും കൊണ്ട് നാടോടി നൃത്തങ്ങള്‍ ഓരോന്നും മികച്ച ചുവടുകളുമായി താളം പിഴക്കാതെ വ്യത്യസ്തമായി. തുടക്കം മുതല്‍ നാടോടിനൃത്തവേദിയില്‍ കാണികള്‍ നിറഞ്ഞിരുന്നു. പിന്നാക്ക വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍, ജാതീയത, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും നാടോടിനൃത്ത വേദിയില്‍ അവതരണ വിഷയങ്ങളായി .

അതിജീവനത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് പ്രസംഗ മത്സരം

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതായിരുന്നു പ്രസംഗമത്സര വേദി. പുനര്‍നിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കും അതിജീവന പങ്കാളിത്തത്തില്‍ കുടുംബശ്രീയുടെ പങ്കും ചടുലമായ വാക്കുകളില്‍ ഓരോത്തരും അവതരിപ്പിച്ചു. കരുത്തുറ്റ സ്ത്രീ സാന്നിധ്യങ്ങള്‍ ഉണ്ടാകുന്ന  സമൂഹത്തില്‍ മാത്രമേ അതിജീവനം സാധ്യമാകുവെന്നും. പരിസ്ഥിതി സംരക്ഷണം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടണമെന്നും പരിസ്ഥിതിയെ സംരക്ഷിക്കാത്ത  ഒരു പുനര്‍നിര്‍മാണവും നിലനില്‍പ്പില്ലാത്തവയാണെന്ന കാഴ്ച്ചപാടാണ് മുന്നില്‍വെച്ചത്. ഓരോരുത്തരുടെയും കുടുംബത്തില്‍ നിന്നായിരിക്കണം അതിജീവന പ്രവര്‍ത്തനങ്ങളുടെ ആദ്യപടി തുടങ്ങേണ്ടതെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായിരുന്നു  പ്രസംഗ മത്സരം.

അക്ഷരങ്ങളെ ഭാവങ്ങളാക്കി കവിതാ പാരായണ മത്സരം.

കവിഭാവനയുടെ ആഴവും അംശവും  ഭാവവും ഒട്ടും ചോര്‍ന്നുപോകാതെ മൃദുലമായ സ്വരത്തില്‍ അക്ഷര ശുദ്ധിയോടെ കവിതകള്‍ അവതരിപ്പിച്ച കവിതാപാരായണ മത്സരവേദി വേറിട്ടതായി. കുടുംബശ്രീ സംസ്ഥാന കലോത്സവത്തിലെ നാലാം വേദിയായ വിക്ടോറിയ കോളേജിലെ നാണിമിസ്ട്രസ്സിലായിരുന്നു മത്സരം. വയലാറിന്റെ രാവണപുത്രി മുതല്‍ വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് വരെയുള്ള പുതിയകാല കവിതകള്‍ മത്സരാര്‍ത്ഥികള്‍ വേദിയില്‍ അവതരിപ്പിച്ചു. അക്ഷരസ്ഫുടതയും ഭാഷാശുദ്ധിയും താളവും കൊണ്ട് അസാധ്യമായാണ് ഓരോ കവിതകളെന്നും വിധികര്‍ത്താക്കള്‍ വിലയിരുത്തി. ഏഴാച്ചേരി രാമചന്ദ്രന്റെ നീലി എന്ന കവിതയാണ് കവിത പാരായണ മത്സരത്തില്‍ ശ്രദ്ധ നേടിയത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടിയതും ഈ കവിതയ്ക്കാണ്.

64 ലും തളരാതെ മറിയം പെണ്ണമ്മ മൂന്നാമതെത്തി.

വയസ്സ് 64 ആയെങ്കിലും മത്സരത്തില്‍ താന്‍ പിന്നിലല്ലെന്ന് തെളിയിച്ച് മറിയം പെണ്ണമ്മ. കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാമതെത്തിയാണ് മറിയം പെണ്ണമ്മ കലോത്സവത്തില്‍ തിളങ്ങിയത്. നെന്മാറ അയിലൂര്‍ സ്വദേശിയായ പെണ്ണമ്മ 20 വര്‍ഷമായി കുടുംബശ്രീ പ്രവര്‍ത്തകയാണ്. കുട്ടിക്കാലം മുതല്‍ കവിതകളോട് ഇഷ്ടമായിരുന്ന പെണ്ണമ്മയ്ക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസമാണുള്ളത്. പേരകുട്ടികള്‍ പഠിപ്പിച്ച കവിത പശുവളര്‍ത്തലിനിടയില്‍ ആവര്‍ത്തിച്ചു ചൊല്ലി ചുരുങ്ങിയ സമയത്തിലാണ്  മനപാഠമാക്കി പഠിച്ചതെന്ന് പെണ്ണമ്മ പറയുന്നു. കവിതാ പാരായണമത്സരത്തില്‍ പങ്കെടുത്ത  മുതിര്‍ന്ന സ്ത്രീ കൂടിയാണ് പെണ്ണമ്മ. ലളിതഗാനം, നാടന്‍പാട്ട് തുടങ്ങി മത്സരങ്ങളിലും പെണ്ണമ്മ പങ്കെടുത്തിട്ടുണ്ട്. വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ചൊല്ലിയാണ് പെണ്ണമ്മ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

date