ന്യൂനപക്ഷ കമ്മീഷന് സിറ്റിങ് നടത്തി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിങ് മലപ്പുറം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി.കെ ഹനീഫയാണ് സിറ്റിങില്‍ പരാതികള്‍ കേട്ടത്. എട്ട് കേസുകള്‍ പരിഗണിച്ചതില്‍ നാല് കേസുകള്‍ ഉത്തരവ് പറയാന്‍ മാറ്റിവെച്ചു.
പത്തു വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയിട്ടും സെമിത്തേരി നിര്‍മിക്കാന്‍ ഇതു വരെ അനുമതി ലഭിച്ചില്ലെന്ന് കാണിച്ച് വഴിക്കടവ് മരുത സെന്റ് മേരീസ് ഇടവക വികാരി നല്കിയ ഹരജി കമ്മീഷന്റെ പരിഗണനക്ക് വന്നു. ഈ വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് കമ്മീഷന് നിര്‍ദ്ദേശിച്ചു. 2009 ല്‍ നല്കിയ അപേക്ഷയില്‍ വഴിക്കടവ് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും അനുകൂല സമീപനം എടുത്തിട്ടും ചില സ്വകാര്യ വ്യക്തികള്‍ നല്കിയ പരാതി മൂലം അപേക്ഷ തീര്‍പ്പാകാതെ നീണ്ടു പോവുകയാണെന്നും ഇടവകാംഗങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും എത്രയും പെട്ടെന്ന് അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്.
1979 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന പുലാമന്തോള്‍ കുരുവമ്പലത്തെ മാര്‍ത്തോമ സെമിത്തേരിയുടെ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിര്ത്തിവെക്കാനാവശ്യപ്പെട്ടെന്ന് കാണിച്ച് നല്കിയ ഹരജിയും കമ്മീഷന് പരിഗണിച്ചു. നിയമപരമായി അനുമതിയില്ലാത്തതിനാലാണ് അധികൃതര്‍ പ്രവര്‍ത്തനം നിര്ത്തിവെക്കാനാവശ്യപ്പെട്ടതെന്നും നിയമപരമായി അപേക്ഷ നല്‍കാനും ഹരജിക്കാരോട് കമ്മീഷന് നിര്‍ദേശിച്ചു.
മഹല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട തന്നെ തിരിച്ചെടുക്കാനുള്ള ന്യൂനപക്ഷ കമ്മീഷന് ഉത്തരവ് കുഴിണ്ണ ഖിദ്മത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് കുഴിമണ്ണ നീരുട്ടിക്കല്‍ സ്വദേശി നല്കിയ ഹരജിയും ഇന്നലെ കമ്മീഷന്റെ പരിഗണനക്ക് വന്നു. ഹരജിക്കാരന്റെ കയ്യില്‍ നിന്നും ലഭിക്കാനുള്ള വരിസംഖ്യ കുടിശ്ശിക ഈടാക്കി ഉടന്‍ തന്നെ മഹല്ലില്‍ തിരിച്ചെടുക്കാന്‍ കമ്മീഷന് മഹല്ല് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്കി.
- Log in to post comments