Skip to main content

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ  ക്ലബ്ബുകളെ ആദരിച്ചു

    പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ യുവജന ക്ലബ്ബുകളെ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഡി.ടി.പി.സി ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. സംസ്ഥാനം നേരിട്ട മഹാ പ്രളയത്തെ അതിജീവിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് യുവാക്കളും  ക്ലബ്ബുകളും നടത്തിയ  പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയവും  അഭിനന്ദനാര്‍ഹമാണെന്നും കലക്ടര്‍ പറഞ്ഞു.
    നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ഡി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷനും എന്‍.വൈ.കെയും സംയുക്തമായി നടത്തുന്ന ഹരിത വീഥി പദ്ധതിയുടെ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് പദ്ധതി വിശദീകരിച്ചു. 2018 ലെ സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ ഷിപ്പ് സംസ്ഥാന തലത്തില്‍ രണ്‍ാം സ്ഥാനം കരസ്ഥമാക്കിയ നവകേരളാ കലാസാംസ്‌കാരിക വേദിക്ക്   എ.ഡി.എം എന്‍.എം മെഹറലി  ഉപഹാരം സമര്‍പ്പിച്ചു. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, പി. അസ്മാബി, മുസമ്മില്‍ ഫാരിസ്  എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ യുവജന ക്ലബ്ബുകളെ പ്രതിനിധീകരിച്ച് നാനൂറോളം ക്ലബ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
 

date