Skip to main content

സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന് അവസരമൊരുക്കി മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്

 

തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ പുതിയ വ്യവസായ സംരംഭവുമായി പുണ്യ കുടുംബശ്രീ. മുണ്ടുര്‍ പഞ്ചായത്തിലെ പൂതന്നൂര്‍ ഇരുവിളംകാട് 12-ാം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങളാണ് അരിമാവ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.  20 അംഗങ്ങളുള്ള പുണ്യ കുടുംബശ്രീയിലെ അഞ്ചു പേരാണ് സംരംഭത്തിനു ചുക്കാന്‍ പിടിക്കുന്നത്.  

മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയ മൂന്ന് ലക്ഷത്തിനാണ് സംരംഭം തുടങ്ങിയത്. അരി അരയ്ക്കുന്നതിനുള്ള മെഷിനറികള്‍, ഫ്രിഡ്ജ്, മറ്റു ഉപകരണങ്ങള്‍ എന്നിവയ്ക്കായാണ് തുക ചെലവാക്കിയത്.

പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോറിക്ഷ വിതരണവും നടത്തി. മുണ്ടുര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ സുജയ്ക്കാണ് 70000 രൂപ അനുവദിച്ച് ഓട്ടോ വാങ്ങി നല്‍കിയത്. വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.4 ലക്ഷം രൂപയാണ് വിവിധ പദ്ധതികള്‍ക്കായി പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്.

മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ കുട്ടികൃഷ്ണന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മണന്‍, വൈസ് പ്രസിഡന്റ് മഞ്ജു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date