Skip to main content

വോട്ടർ പട്ടിക പരിശോധിക്കൂ; തെറ്റുണ്ടെങ്കിൽ തിരുത്തൂ

വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധന നടത്തുവാനും തെറ്റുണ്ടെങ്കിൽ തിരുത്തുവാനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്‌ടേഴ്‌സ് വെരിഫിക്കേഷൻ (ഇ.വി.പി) പ്രോഗ്രാം നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വോട്ടർമാർക്കും നവംബർ പത്തിനകം www.nvsp.in എന്ന വെബ്‌സെറ്റിലൂടെയോ പ്ലേ സ്‌റ്റോറിൽ ലഭ്യമാകുന്ന വോട്ടർ ഹെൽപ് ലൈൻ ആപ്പ് ഉപയോഗിച്ചോ വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിക്കാം. ഓരോ വോട്ടർക്കും തങ്ങളുടെ വിവരങ്ങൾ വോട്ടർപട്ടികയുമായി ഒത്തുനോക്കി ബോധ്യപ്പെടുന്നതിനായുളള വിപുലമായ ക്രമീകരണങ്ങളാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. താലൂക്കുകളിൽ പ്രവർത്തിക്കുന്ന വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലൂടെ സൗജന്യമായും അക്ഷയ സെന്ററിലൂടെ ഒരാൾക്ക് 5 രൂപ നിരക്കിലും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ജില്ലയിൽ ഇ.വി.പി പുരോഗമിക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ ബഹുജനപങ്കാളിത്തം ഉറപ്പ് വരുത്താൻ കളക്ടറുടെ ചേംബറിൽ രാഷ്ട്രീയപാർട്ടികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തു.

കുറ്റമറ്റതും സുതാര്യവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ആവിഷ്‌കരിച്ച പ്രത്യേക സമ്മറി റിവിഷൻ 2020 പരിപാടിയുടെ ഭാഗമായി ഇ.വി.പി പുരോഗമിക്കുകയാണ്. ജില്ലയിൽ 24,52,594 വോട്ടർമാരാണുള്ളതിൽ 4711 വോട്ടർമാർ മാത്രമാണ് ഈ പരിപാടി പ്രകാരം വെരിഫിക്കേഷൻ നടത്തിയിട്ടുള്ളത്. പരിപാടി കൂടുതൽ സുതാര്യമാക്കാൻ ബൂത്ത് ലെവൽ ഓഫീസർമാരുടെ സംഘാടനം ഉറപ്പു വരുത്തും. ഇതിനായി താലൂക്കടിസ്ഥാനത്തിൽ ബി.എൽ.ഒ മാർക്കൊപ്പം രാഷ്ട്രീയ പാർട്ടികളെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള യോഗം ചേരാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ബി.എൽ.ഒമാർക്കൊപ്പം ഓരോ യൂണിറ്റിലും ബി.എൽ.എമാരെ കൂടി നിയോഗിച്ച് അവരുടെ സഹകരണം ഇക്കാര്യത്തിൽ ഉറപ്പാക്കാൻ ശ്രദ്ധിക്കാൻ നിർദ്ദേശിച്ചു. നവംബർ 25ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചാലുടൻ ഇതിനുള്ള നടപടികൾ ആരംഭിക്കണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേര് നീക്കം ചെയ്തതു മൂലം സമ്മതിദാനാവകാശം നഷ്ടപ്പെട്ടവർക്ക് ഈ അവസരം വിനിയോഗിക്കാം. അവർക്ക് ഓൺലൈനിലൂടെ പുതിയ അപേക്ഷ നൽകാൻ സാധിക്കും. ഇലക്ഷൻ റിട്ടേണിംഗ് ഓഫീസേഴ്‌സ് (ഇ.ആർ.ഒ) അവർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായും സമയബന്ധിതമായും പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി.

ഓൺലൈൻ അപേക്ഷകൾ വിവിധ താലൂക്കുകളിലായി 17 ശതമാനം പൂർത്തിയാകാനുണ്ട്. ഇതിനുള്ള സമയപരിധി ഈ മാസം 10 വരെ നീട്ടിയിട്ടുണ്ട്. പദ്ധതിയുടെ പുരോഗതിയ്ക്കായി പല പരിപാടികൾക്കും കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. വോട്ടർ പട്ടിക തിരുത്തുന്നതിനുള്ള പ്രചാരണത്തിനും ഇവിപിയ്ക്കുമായി ഈ മാസം 18 വരെ സമയം നീട്ടി. വീടുകൾ തോറുമുള്ള ബി.എൽ.ഒമാരുടെ പ്രചാരണത്തിന് 25 വരെയും അവകാശവാദവും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 29 വരെയും അവകാശവാദം, പരാതികൾ എന്നിവയിൽ തീർപ്പ് കൽപ്പിക്കുന്നതിന് 2020 ജനുവരി 10 വരെയും ഡാറ്റാബേസ് പുതുക്കൽ, സപ്ലിമെന്ററി വോട്ടർപട്ടിക എന്നിവയുടെ അച്ചടി എന്നിവയ്ക്കായി 2020 ജനുവരി 17 വരെയും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് 2020 ജനുവരി 20 വരെയും തീയതി നീട്ടിയിട്ടുണ്ട്.

date