താലൂക്ക് ആശുപത്രിയിൽ 108 ആംബുലൻസ് സർവീസ് തുടങ്ങി
കുന്നംകുളം താലൂക്ക് ഗവ. ആശുപത്രിയിൽ 108 ആംബുലൻസ് സർവീസ് ആരംഭിച്ചു. അടിയന്തിരഘട്ടങ്ങളിൽ സഹായത്തിനെത്താനുള്ള 108 ആംബുലൻസിന്റെ സൗജന്യ സേവനം താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും ഇനിയുണ്ടാകും. ആംബുലൻസിൽ ഡ്രൈവറും സ്റ്റാഫ് നഴ്സുമുണ്ടാകും. അപകടങ്ങളിൽ പരിക്കേറ്റവരെയും വീടുകളിൽ അത്യാസന്ന നിലയിലായ രോഗികളെയും ആശുപത്രികളിൽ എത്തിക്കുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്താം. പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ഇതിലുണ്ട്. 108 നമ്പറിൽ വിളിച്ചാൽ സേവനം ലഭിക്കുന്ന രീതിയിലാണ് ആംബുലൻസ് സജ്ജീകരിച്ചിട്ടുള്ളത്. താലൂക്ക് ആശുപത്രിയിൽ ആംബുലൻസിന് പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. കലാമണ്ഡലം നിർവാഹക സമിതി അംഗം ടി.കെ. വാസു ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠൻ, എസ്.ഐ. യു.കെ. ഷാജഹാൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരൻ, നിഷ ജയേഷ്, ഇ.പി. കമറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments