കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ 14 വിദ്യാലയങ്ങൾക്ക് ജൈവ വൈവിധ്യ ഉദ്യാനം
കയ്പമംഗലം നിയോജകമണ്ഡലത്തിലെ 14 വിദ്യാലയങ്ങൾക്ക് സംസ്ഥാന സർക്കാർ ജൈവ വൈവിധ്യ ഉദ്യാനം അനുവദിച്ചു. ഗവ :യുപി സ്‌കൂൾ അഴീക്കോട്, ഗവ: എൽ പി സ്‌കൂൾ ആമണ്ടൂർ, ഗവ: എൽ പി സ്‌കൂൾ വെമ്പല്ലൂർ, ഗവ എൽ പി സ്‌കൂൾ പാപ്പിനിവട്ടം, ഗവ.യുപിഎസ് എമ്മാട്, വി.വി.യു.പി.എസ്. കോതപറമ്പ്, സെൻറ് ജോർജ് എൽപി സ്‌കൂൾ പനങ്ങാട്, ഒ.എൽ.എഫ് ജിഎച്ച്എസ് മതിലകം, ആർ.സി.യു.പി സ്‌കൂൾ എടത്തിരുത്തി, യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്, ഈസ്റ്റ് യുപി സ്‌കൂൾ പെരുമ്പടപ്പ്, സെന്റ് ആൻസ് യുപി സ്‌കൂൾ എടത്തിരുത്തി എന്നീ സ്‌കൂളുകൾക്കാണ് ജൈവവൈവിധ്യ പാർക്ക് അനുവദിച്ചത്. ഹൈസ്‌കൂളുകൾക്കുള്ള ജൈവവൈവിധ്യ പാർക്ക് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പിന്നീട് വരുന്നതായിരിക്കുമെന്ന് എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ വാർത്താകുറിപ്പിൽ അറിയിച്ചു.
വിദ്യാലയത്തിനു ചുറ്റുമുള്ള പരിസ്ഥിതിയെ അറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും പ്രകൃതി വിഭവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് 'ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ'. ഓരോ വിദ്യാലയങ്ങൾക്കും പതിനായിരം രൂപ വീതമാണ് പദ്ധതി നടത്തിപ്പിനായി അനുവദിച്ചിട്ടുള്ളത്. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പദ്ധതി പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്നത്. മരങ്ങൾ, കുറ്റിച്ചെടികൾ, വേലിച്ചെടി നിരകൾ, ചെറുമരങ്ങൾ, ചെറു ഫലവൃക്ഷങ്ങൾ, മണ്ണൊലിപ്പ് തടയുന്ന, പക്ഷികൾക്ക് കൂടുകൂട്ടാൻ കഴിയുന്ന , കാലാവസ്ഥക്കും മണ്ണിനും ചേരുന്ന മരങ്ങൾ, ഔഷധ ചെടികൾ, പൂക്കൾ, ചെറുകായ്ക്കൾ/പഴങ്ങൾ എന്നിവ ഉണ്ടാകുന്ന കുറ്റിച്ചെടികൾ, ഭംഗി നൽകുന്ന കുറ്റിച്ചെടികൾ അതിർത്തികളിൽ മണ്ണൊലിപ്പ് തടയുന്ന / ഭംഗി നൽകുന്ന വളളിച്ചെടികൾ എന്നിവ തയ്യാറാക്കാം. ഫലപുഷ്ടതയില്ലാത്ത മണ്ണിൽ പോലും വളരെ ചിലവ് കുറഞ്ഞ രീതിയിൽ പുൽത്തകിടി നിർമാണം, മണ്ണൊലിപ്പ് തടയാനുള്ള പുല്ലു വളർത്തൽ, മഴവെള്ള സംഭരണി, തടയണ നിർമാണം എന്നിവയിലൂടെ ജലസംരക്ഷണം, സ്‌കൂൾ പ്രദേശത്തിന്റെ അതിർത്തികളിൽ കായ്ഫലം/ പൂക്കൾ ഉണ്ടാകുന്ന സസ്യങ്ങൾ അതിർത്തിവേലി പോലെ നട്ടുവളർത്തൽ, പക്ഷികൾക്ക് ചെറിയ കുറ്റിച്ചെടികളിലും മരങ്ങളിലും കൂടൊരുക്കൽ, ഭക്ഷണം നൽകൽ, വെള്ളം നൽകൽ തുടങ്ങിയ പ്രവർത്തങ്ങൾ എന്നിവ വഴി ചെറുമൃഗങ്ങൾ, പക്ഷികൾ, വവ്വാൽ, ചിത്രശലഭങ്ങൾ, തേനീച്ചകൾ തുടങ്ങിയവയെ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം.
- Log in to post comments