Skip to main content

പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം സമയ ബന്ധിതമായി നിയമോപദേശം നല്‍കണം

   പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമകേസുകളില്‍ സമയബന്ധിതമായ നിയമോപദേശം നല്‍കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. എം. ജോഷിക്ക് നിര്‍ദേശം നല്‍കി. കളക്‌ട്രേറ്റ് ചേമ്പറില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമകേസുകളുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം.  പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ജില്ലയില്‍ കുറഞ്ഞുവരുന്നതായി പോലീസ് അധികൃതര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 2016-ല്‍ നൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയില്‍ ഈ വര്‍ഷം 2019 ഒക്ടോബര്‍ 31 വരെ ആകെ 54 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 37 കേസുകള്‍ പട്ടിക വര്‍ഗക്കാരുമായി ബന്ധപ്പെട്ടതും 17 കേസുകള്‍ പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമ കേസുകളുമാണെന്ന് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി കെ.പി കുബേരന്‍ പറഞ്ഞു. ഇതില്‍ 33 കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണത്തില്‍ നാലു കേസുകള്‍ തെറ്റാണെന്നു കണ്ടെത്തി ഒഴിവാക്കി. ഒരു കേസില്‍ വിധിയാവുകയും ചെയ്തിട്ടുണ്ട്. ജാതിപേര് വിളിച്ച് അധിക്ഷേപം, മര്‍ദ്ദനം, പോക്‌സോ തുടങ്ങിയ വകുപ്പുകളിലെ കേസുകളാണ് പ്രധാനമായും രജിസ്റ്റര്‍ ചെയ്തത്. നിയമവശത്തെക്കുറിച്ചുള്ള ബോധവത്ക്കരണം ശക്തമായതും കേസുകളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ടെന്നാണ് പൊതു വിലയിരുത്തല്‍. കോടതിയിലെത്തുമ്പോഴേക്കും കേസുകള്‍ പരിഹരിക്കപ്പെടുന്ന അവസ്ഥയും ജില്ലയിലുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ജാതിസര്‍ട്ടിഫിക്കറ്റ് വിഷയങ്ങളും കേസുകളെ ബാധിക്കുന്നുണ്ടെന്ന് എസ്.സി, എസ്.ടി വകുപ്പുകളും തഹസില്‍ദാര്‍മാരും ശ്രദ്ധയില്‍പ്പെടുത്തി. വിവിധ കേസുകളിലെ നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട കാര്യങ്ങളും കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.    
   
അതിക്രമ കേസുകള്‍
(വര്‍ഷം,കേസുകളുടെ എണ്ണം)
2016 - 102
2017 - 60
2018 - 77
2019 - 54

date