Skip to main content

4500 കുടുംബങ്ങള്‍ക്ക് പുതുജീവിതം നല്‍കി ലൈഫ് മിഷന്‍ 10772 വീടുകള്‍ ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കും

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷനില്‍, ജില്ലയില്‍ ഇതുവരെ 4500 കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ സ്വന്തം വീടായി. ഭൂമിയുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ഭവനം ലഭ്യമാക്കുന്ന രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇത്രയും വീടുകള്‍ പൂര്‍ത്തീകരിച്ചത്. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി ഭവനരഹിതരായ 10772 പേര്‍ ഇതുവരെ കരാര്‍ ഒപ്പിട്ട് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. പൂര്‍ത്തിയായ വീടുകള്‍ക്ക് പുറമെ 1550 വീടുകള്‍ മേല്‍ക്കൂരവരെയും , 2477 വീടുകള്‍ ലിന്റല്‍ വരെയും, 2208 വീടുകള്‍ ബേസ്‌മെന്റ് വരെയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് 4 ഗഡുക്കളായി 4 ലക്ഷം രൂപയാണ് ഭവനനിര്‍മ്മാണത്തിന് ധനസഹായമായി നല്‍കുന്നത്. കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബത്തിന് 90 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിലൂടെ 25000 രൂപയോളം അധികം ലഭ്യമാക്കുന്നുണ്ട്.
ജില്ലയില്‍ ഏറ്റവും കുറവ് ഗുണഭോക്താക്കള്‍ ഉള്ളത് മൂന്നാര്‍ ഗ്രാമപഞ്ചായത്തിലും  ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉള്ളത് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലുമാണ്. മൂന്നാറില്‍ 23 ഉം വണ്ടിപ്പെരിയാറില്‍ 1065 വീടുകളുമാണ് പൂര്‍ത്തീകരിക്കാന്‍ ഉള്ളത്.
രണ്ടാംഘട്ടത്തില്‍ കരാര്‍ ഒപ്പുവെച്ച എല്ലാ ഭവനങ്ങളും ഡിസംബര്‍ 31 ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പ്രവീണ്‍ അറിയിച്ചു.

date