Skip to main content

ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തിനും തുടക്കമായി

      ലൈഫ് മിഷന്‍ മൂന്നാംഘട്ടമായി നടപ്പിലാക്കുന്ന ഭൂരഹിത ഭവനരഹിതരുടെ ഭവനനിര്‍മ്മാണത്തിനുള്ള ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അര്‍ഹതാ      പരിശോധന ജില്ലയില്‍ പൂര്‍ത്തിയായി വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ട 5087 പേരാണ് ഇതുവരെ ആവശ്യമായ രേഖകളുമായി എത്തി അര്‍ഹത തെളിയിച്ചിട്ടുള്ളത്. ഇവരുടെ വിവരങ്ങള്‍ ഇതിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.  സംസ്ഥാനത്ത് ആദ്യമായി അടിമാലിയിലെ മച്ചിപ്ലാവില്‍ നിര്‍മ്മിച്ച കെട്ടിട സമുച്ചയം ഭൂരഹിത ഭവനരഹിതര്‍ക്ക് കൈമാറിക്കഴിഞ്ഞു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിദേശ രാജ്യങ്ങളിലടക്കം പ്രചാരം നേടിയ, പ്രകൃതി വിഭവങ്ങള്‍ പരമാവധി കുറച്ച് മാത്രം ഉപയോഗിക്കുന്ന പ്രീഫാബ് ടെക്‌നോളജി ഉപയോഗിച്ചാണ് ഈ സമുച്ചയം നിര്‍മ്മിക്കുന്നത്. ജില്ലയില്‍ വാത്തിക്കുടി, രാജാക്കാട്, കാഞ്ചിയാര്‍, വണ്ടിപ്പെരിയാര്‍, പെരുവന്താനം, കട്ടപ്പന മുന്‍സിപ്പാലിറ്റി തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുംകൂടി ഭവനസമുച്ചയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്ള ഭൂരഹിത ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള ഭൂമി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ബ്ലോക്ക്തല കര്‍മ്മ സമിതി യോഗങ്ങള്‍ ചേര്‍ന്ന് ഇതിന് യോജ്യമായ 45 ഏക്കറോളം ഭൂമി കണ്ടെത്തിക്കഴിഞ്ഞു. ഇതില്‍ റവന്യൂ വകുപ്പിന്റെ 27 ഏക്കറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള 15 ഏക്കറും എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള 3 ഏക്കറും ഉള്‍പ്പെടുന്നു.         

date